കുഴിബോംബ് സ്ഫോടനം; ജാർഖണ്ഡിൽ ജവാനു വീരമൃത്യു
Sunday, October 12, 2025 2:20 AM IST
റാഞ്ചി: നക്സൽ വേട്ടയ്ക്കിടെ ജാർഖണ്ഡിൽ കുഴിബോംബ് സ്ഫോടനത്തിൽ സിആർപിഎഫ് ഹെഡ്കോൺസ്റ്റബിളിനു ജീവൻ നഷ്ടമായി. പരിക്കേറ്റ ഇൻസ്പെക്ടറും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ആശുപത്രിയിൽ ചികിത്സയിലാണ്.
പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലെ സരന്ദ വനമേഖലയിൽ നക്സൽ വേട്ടയ്ക്കിടെ വെള്ളിയാഴ്ച പരിക്കേറ്റ ആസാം സ്വദേശി മഹേന്ദ്ര ലാസ്കർ ആണ് മരിച്ചത്. പരിക്കേറ്റ ലാസ്കറിനെ ഒഡിഷയിലെ റൂർക്കലയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരണത്തിനു കീഴടങ്ങുകയായിരുന്നു. സുരക്ഷാസേനകളെ ലക്ഷ്യമാക്കി സിപിഐ (മാവോയിസ്റ്റുകൾ ) പ്രതിരോധവാരം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായാണു ബോംബുകൾ സ്ഥാപിച്ചതെന്നു കരുതുന്നു.
ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വർ, കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ് തുടങ്ങിയ പ്രമുഖർ ജവാന്റെ മരണത്തിൽ അനുശോചിച്ചു.