രാജസ്ഥാനിൽ പാക് ചാരൻ പിടിയിൽ
Sunday, October 12, 2025 2:20 AM IST
ജയ്പുർ: പാക്ക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐക്കായി സൈനികനീക്കങ്ങൾ ചോർത്തിയെന്ന് സംശയിക്കുന്ന രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ആൽവാർ ഗോവിന്ദ്ഗഡ് സ്വദേശി മൻഗത് സിംഗിനെയാണു വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സിംഗിനെ തുടരന്വേഷണത്തിനായി മൂന്നുദിവസത്തേക്ക് അന്വേഷണസംഘത്തിനു കോടതി വിട്ടുനൽകി.
ആൽവാർ, അംബാല കന്റോൺമെന്റുകളിൽ സൈന്യത്തിന്റെയും ബിഎസ്എഫിന്റെയും ഫോട്ടോകളും വീഡിയോകളും രണ്ടുവർഷമായി പാക്കിസ്ഥാനിലേക്കു കൈമാറിയെന്നാണ് സംശയം. ഇഷ ശർമ, ഇഷ ബോസ് തുടങ്ങിയ പേരുകളിൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന നന്പറുകളിലാണ് ഇവ നൽകിയത്.
പാക്കിസ്ഥാനിൽനിന്ന് പലതവണയായി പതിനായിരത്തോളം രൂപയും സിംഗ് കൈപ്പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓപ്പറേഷൻ സിന്ദൂറിനു മുന്പുള്ള സൈനികനീക്കത്തെക്കുറിച്ച് രഹസ്യസന്ദേശം കൈമാറിയെന്നും സംശയമുണ്ട്.
ആൽവാറിലെ ഫാക്ടറി തൊഴിലാളിയാണ് സിംഗ്. സിദ്ധപുരുഷ് എന്ന പേരിൽ അറിയപ്പെടുന്ന സിംഗ് മതപരമായ ആഘോഷങ്ങൾ സംഘടിപ്പിച്ചാണ് സൈനികരുമായി സൗഹൃദത്തിലായത്.
രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സിംഗിനെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.