പശ്ചിമബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
Sunday, October 12, 2025 2:20 AM IST
കോൽത്തക്ക: പശ്ചിമബംഗാളിൽ ഒഡിഷ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി. ദുര്‍ഗാപുരിലെ സ്വകാര്യ മെഡിക്കല്‍ കോളജിനു സമീപം വെള്ളിയാഴ്ച രാത്രിയാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഒരുസംഘം അതിക്രൂരമായി ആക്രമിച്ചത്.
ഒഡീഷയിലെ ജലേശ്വര് സ്വദേശിനിയായ വിദ്യാര്‍ഥിനി പുരുഷ സുഹൃത്തിനൊപ്പം പോകുന്പോൾ കോളജ് ഗേറ്റിനു സമീപം തടഞ്ഞുനിർത്തിയ അജ്ഞാതര്‍ പെൺകുട്ടിയെ സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ഉപദ്രവിച്ചത്. ഇതിനിടെ യുവാവ് കടന്നുകളഞ്ഞു.
ഇയാൾക്കു സംഭവത്തിൽ പങ്കുണ്ടെന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
സുഹൃത്ത് ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായും പോലീസ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് കോളജില്‍നിന്ന് റിപ്പോര്‍ട്ട് തേടി. ദേശീയ വനിതാ കമ്മീഷന് അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു.
ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൻ മാജി സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയോട് അദ്ദേഹം അഭ്യർഥിച്ചു.
പശ്ചിമബംഗാളിലെ കോളജ് കാംപസുകളിൽ വിദ്യാർഥിനികൾ ആക്രമണത്തിന് ഇരയാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ കോല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കോല്‍ക്കത്ത ലോ കോളജിൽ നിയമ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ 31 വയസ്സുള്ള ഒരു ട്രെയിനി ഡോക്ടറും ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു.