ഫ്രാന്‍സ്, ജര്‍മനി ടീമുകള്‍ക്ക് ജയം
Sunday, October 12, 2025 12:41 AM IST
പാരീസ്/മ്യൂണിക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യൂറോപ്യന്‍ യോഗ്യതയില്‍ കരുത്തരായ ഫ്രാന്‍സ്, ജര്‍മനി ടീമുകള്‍ക്ക് ഏകപക്ഷീയ ജയം. അതേസമയം, ബെല്‍ജിയത്തിനെ നോര്‍ത്ത് മാസിഡോണിയ ഗോള്‍രഹിത സമനിലയില്‍ കുടുക്കി.
എംബപ്പെ
രാജ്യത്തിനും ക്ലബ്ബിനുമായി തുടര്‍ച്ചയായ പത്താം മത്സരത്തിലും കിലിയന്‍ എംബപ്പെ ഗോള്‍ സ്വന്തമാക്കി. ഫ്രാന്‍സ് 3-0ന് അസര്‍ബൈജാനെ കീഴടക്കിയപ്പോള്‍ ആദ്യഗോള്‍ എംബപ്പെയുടെ വകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ (45+2’’) ആറ് അസര്ബൈജാന് താരങ്ങളെ വെട്ടിച്ച് ഒറ്റയ്ക്കു മുന്നേറിയായിരുന്നു എംബപ്പെയുടെ ക്ലിനിക്കല്‍ ഫിനിഷിംഗ്. 69-ാം മിനിറ്റില്‍ അഡ്രിയന്‍ റാബിയോട്ടിന്റെ ഗോളിലൂടെ ഫ്രാന്‍സ് ലീഡ് ഉയര്‍ത്തി. എംബപ്പെയുടെ അസിസ്റ്റിലായിരുന്നു റാബിയോട്ടിന്റെ ഗോള്‍. ഫ്ളോറിയന്‍ തൗവിന്റെ (84’) വകയായിരുന്നു ഫ്രാന്‍സിന്റെ മൂന്നാം ഗോള്‍.
83-ാം മിനിറ്റില്‍ കണങ്കാലിനു പരിക്കേറ്റ് എംബപ്പെ കളംവിട്ടു. താരത്തിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നാണ് ഫ്രഞ്ച് ടീം വൃത്തങ്ങള്‍ പിന്നീട് അറിയിച്ചത്. അസര്ബൈജാന് എതിരായത് ഉള്‍പ്പെടെ എംബപ്പെയുടെ രാജ്യാന്തര ഗോള്‍ സമ്പാദ്യം 53 ആയി. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന ഒലിവിയെ ജിറൂവിന്റെ (57 ഗോള്‍) റിക്കാര്‍ഡിലേക്ക് നാല് എണ്ണത്തിന്റെ അകലം മാത്രമാണ് എംബപ്പെയ്ക്ക് ഇനിയുള്ളത്.
ഗ്രൂപ്പ് എയില്‍ ജര്‍മനി രണ്ടാം ജയം സ്വന്തമാക്കി. ലക്സംബര്‍ഗിന് എതിരായ ഹോം മത്സരത്തില്‍ 4-0നായിരുന്നു ജര്‍മന്‍ ജയം. ജര്‍മനിക്കായി ജോഷ്വ കമ്മിഷ് (21’ പെനാല്‍റ്റി, 50’) ഇരട്ടഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ് എവേ പോരാട്ടത്തില്‍ സ്വിസ് സംഘം 2-0ന് സ്വീഡനെ തോല്‍പ്പിച്ചു.