കേരളം ബിസിനസ് സൗഹൃദ സംസ്ഥാനം; കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട് പുറത്തിറങ്ങി
Saturday, October 11, 2025 11:44 PM IST
കൊച്ചി: ദേശീയ സാമ്പത്തിക രംഗത്തെ സ്വാധീനിക്കുന്ന ബിസിനസ് സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്ന് കെപിഎംജി ഇൻ ഇന്ത്യ-സിഐഐ റിപ്പോർട്ട്. കൊച്ചിയിൽ നടന്ന സിഐഐ കേരള ബാങ്കിംഗ് ആൻഡ് എൻബിഎഫ്സി ഉച്ചകോടിയിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
ഇന്ത്യൻ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷ്വറൻസ് (ബിഎഫ്എസ്ഐ) രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാവരെയും ഉൾപ്പെടുത്തൽ, സുസ്ഥിരത എന്നിവയിലൂടെ സാമ്പത്തിക രംഗത്തെ ചലനാത്മക സ്വാധീനമേഖലയായി കേരളം വളരുന്നു.
യുപിഐ, ആധാർ, അക്കൗണ്ട് അഗ്രഗേറ്ററുകൾ തുടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ പകർന്ന പുരോഗതിയുടെ കരുത്തിൽ ഇന്ത്യയിലെ ബിഎഫ്എസ്ഐ മേഖല 2025ൽ 91 ട്രില്യൺ രൂപ മൂല്യത്തിലേക്ക് ഉയർന്നു. ശക്തമായ സഹകരണ ബാങ്കിംഗ് പൈതൃകത്തിനും നൂതനമായ എൻബിഎഫ്സികൾക്കും പേരുകേട്ട കേരളത്തിന്റെ സാമ്പത്തിക ആവാസവ്യവസ്ഥ ഈ ദേശീയ പരിണാമത്തിനു പ്രചോദനമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ, അർധനഗര പ്രദേശങ്ങളിലേക്ക് എത്തുന്ന മുൻനിര മൈക്രോഫിനാൻസ്, എംഎസ്എംഇ വായ്പ, സ്ത്രീകൾ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ഉത്പന്നങ്ങൾ എന്നിവയിലൂടെ എല്ലാവരെയും സാമ്പത്തിക സേവനങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ കേരളം മുന്നിലാണെന്ന് കെപിഎംജിയുടെ കൊച്ചിയിലെ ഫിനാൻഷൽ സർവീസസ് ടെക്നോളജി ലീഡറും ഓഫീസ് മാനേജിംഗ് പാർട്ണറുമായ വിഷ്ണു പിള്ള പറഞ്ഞു.