ലെകോർണു വീണ്ടും ഫ്രഞ്ച് പ്രധാനമന്ത്രി
Saturday, October 11, 2025 11:13 PM IST
പാരീസ്: തിങ്കളാഴ്ച രാജിവച്ച സെബാസ്റ്റ്യൻ ലെകോർണുവിനോട് വീണ്ടും പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ നിർദേശിച്ചു. 26 ദിവസം മാത്രം കസേരയിലിരുന്ന ലെകോർണു രാജിവച്ചത് ഫ്രാൻസിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വെള്ളിയാഴ്ച തീവ്രവലതുപക്ഷം ഒഴികെയുള്ള പ്രധാന പാർട്ടികളുമായി ആലോചിച്ച ശേഷമാണ് മക്രോൺ വീണ്ടും ലെകോർണുവിനോട് സ്ഥാനമേൽക്കാൻ ആവശ്യപ്പെട്ടത്. പ്രസിഡന്റ് ഏൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, ലെകോർണുവിന് സർക്കാർ രൂപീകരിക്കാൻ കഴിയുമോ എന്നതിൽ വ്യക്തതയില്ല. തിങ്കളാഴ്ചയ്ക്കുള്ളിൽ ബജറ്റ് അവതരിപ്പിക്കേണ്ട ചുമതലയും അദ്ദേഹത്തിനുണ്ടാകും. രാജ്യത്തിന്റെ പൊതുകടവും ബജറ്റ് കമ്മിയും കുറയ്ക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്കുള്ള അഭിപ്രായഭിന്നത മൂലം കഴിഞ്ഞ വർഷം മൂന്ന് പ്രധാനമന്ത്രിമാർക്ക് പദവി ഒഴിയേണ്ടിവന്നിരുന്നു.