യുഎസിൽ ഖത്തർ വ്യോമസേനാ താവളം നിർമിക്കും
Saturday, October 11, 2025 11:13 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഖത്തറിന് വ്യോമസേനാ താവളം നിർമിക്കാൻ അനുമതി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഖത്തർ പ്രതിരോധ സെക്രട്ടറി സൗദ് ബിൻ അബ്ദുൾറഹ്മാൻ അൽത്താനിയും ഇതിനുള്ള കരാറിൽ ഒപ്പുവച്ചു.
ഐഡഹോ സംസ്ഥാനത്തെ മൗണ്ടൻ ഹോം യുഎസ് വ്യോമസേനാ ആസ്ഥാനത്ത് ആയിരിക്കും ഖത്തറിന്റെ താവളം. ഖത്തർ വ്യോമസേനാ പൈലറ്റുമാർക്ക് എഫ്-15 യുദ്ധവിമാനം പറത്താനുള്ള പരിശീലനം ഇവിടെ നല്കും.
അമേരിക്കയും ഖത്തറും തമ്മിലുള്ള സഹകരണത്തിന്റെ മറ്റൊരുദാഹരണമാണ് ഈ കരാറെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഗാസ വെടിനിർത്തൽ യാഥാർഥ്യമാക്കുന്നതിൽ ഖത്തർ വഹിച്ച പങ്കിനെ അഭിനന്ദിക്കുന്നു. ഖത്തറിന് അമേരിക്കയെ വിശ്വാസിക്കാമെന്ന് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.
ഖത്തറിന് അമേരിക്കൻ സൈനിക സംരക്ഷണം നല്കുന്ന കരാറിൽ യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. നാറ്റോ രാജ്യങ്ങൾക്കു തുല്യമായ സംരക്ഷണമാണ് ഖത്തറിന് ഇതോടെ ലഭ്യമാവുക. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രേലി സേന ഖത്തറിൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ട്രംപ് ഈ നീക്കത്തിനു മുതിർന്നത്.
അമേരിക്കയുടെ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതിചെയ്യുന്നതും ഖത്തറിലാണ്.