സ്ഫോടകവസ്തു ഫാക്ടറിയിൽ സ്ഫോടനം; 18 പേർ മരിച്ചതായി സംശയം
Saturday, October 11, 2025 11:13 PM IST
ന്യൂയോർക്ക്: അമേരിക്കൻ സേനയ്ക്കായി സ്ഫോടകവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽ സ്ഫോടനം. ടെന്നസി സംസ്ഥാനത്തെ ബക്സ്നോർട്ട് ഗ്രാമപ്രദേശത്തുണ്ടായ ദുരന്തത്തിൽ കാണാതായി എന്ന് അധികൃതർ വിശേഷിപ്പിച്ച 18 പേരും മരിച്ചതായി സംശയിക്കുന്നു.
ആക്കുറേറ്റ് എനർജെറ്റിക് സിസ്റ്റംസ് എന്ന സ്ഥാപനത്തിന്റെ ഫാക്ടറിയിലുണ്ടായ അത്യുഗ്ര സ്ഫോടനം 30 കിലോമീറ്റർ അകലെവരെ കേട്ടു. ഫാക്ടറി ഏതാണ്ട് പൂർണമായി നശിച്ചു. തുടർ സ്ഫോടനങ്ങളുണ്ടായത് രക്ഷാപ്രവർത്തനെത്തെ ബാധിച്ചതായാണ് വിവരം.
1300 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന ഫാക്ടറിയിൽ സൈനികാവശ്യത്തിനുള്ള സി-4, ടിഎൻടി തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഉത്പാദിപ്പിച്ചു സൂക്ഷിച്ചിരുന്നു.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 75 പേർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.