ശബരിമല സ്വർണക്കൊള്ള: സർക്കാരിനെ വെട്ടിലാക്കി ഇഡിയും റെഡി
Monday, October 13, 2025 1:44 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികളും പ്രതികളായതോടെ സര്‍ക്കാരും ഇടതു മുന്നണിയും പ്രതിരോധത്തില്‍. ഉദ്യോഗസ്ഥരുടെ വീഴ്ചയായി മാത്രം ഇതിനെ ചുരുക്കി കാണിക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് സര്‍ക്കാരും എല്‍ഡിഎഫും വീണിരിക്കുന്നത്.
അതിനിടെ, ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട്, ക്രൈംബ്രാഞ്ച് കേസുകളുടെ എഫ്ഐആര്‍ എന്നിവ പരിശോധിക്കാനാണ് ആദ്യഘട്ടത്തില്‍ ഇഡിയുടെ തീരുമാനമെന്നാണ് വിവരം.
ശ്രീകോവിലിന്റെ കട്ടിള പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളി 2019 ല്‍ കാണാതായതില്‍ അന്നത്തെ ദേവസ്വം ബോര്‍ഡിനെയും ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തതോടെയാണ് സര്‍ക്കാര്‍ വെട്ടിലായിരിക്കുന്നത്.
കട്ടിള പൊതിഞ്ഞിരുന്നത് സ്വര്‍ണപ്പാളി ഉപയോഗിച്ചല്ല ചെമ്പുപാളി ഉപയോഗിച്ചാണെന്നായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ രേഖകളില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയുടെ അടക്കം പങ്ക് പരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് കോടതിക്കു റിപ്പോര്‍ട്ട് നല്കിയതും ഇക്കാര്യം അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചതും.
അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ സിപിഎം നേതാവും ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് സിപിഐയുടെ നോമിനിയുമായിരുന്നു. അതിനാല്‍ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാന്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
അതേസമയം, അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കൂ എന്നായിരുന്നു മുന്‍പ് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വിജിലന്‍സ് റിപ്പോര്‍ട്ടിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണ് അറിയുന്നതെന്നും കടകംപള്ളി പ്രതികരിച്ചു.
ഹൈക്കോടതി നിയോഗിച്ച അന്വേഷണസംഘം ആറ് ആഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാകും. അതുവരെ കാത്തിരിക്കണം. കുറ്റക്കാരെയെല്ലാം അന്വേഷണസംഘം പുറത്തു കൊണ്ടുവരും. അതു വരെ ക്ഷമയോടുകൂടി കാത്തിരിക്കുകയാണ് വേണ്ടതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നു ദേവസ്വം മന്ത്രി വി.എന്‍. വാസവനും, 1998 മുതല്‍ മുതല്‍ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും പ്രതികരിച്ചു.