ആശ്വാസതീരത്ത് മുനമ്പം
സിജോ പൈനാടത്ത്
Saturday, October 11, 2025 6:49 AM IST
കൊച്ചി: സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾക്കായി നിശ്ചയദാർഢ്യത്തോടെ തീരജനത നടത്തിയ പോരാട്ടത്തിന് ഒരു വയസ് തികയാൻ രണ്ടുദിവസം ശേഷിക്കെ സമരസാഫല്യത്തിന്റെ സന്തോഷം. കിടപ്പാടത്തിന്റെ പേരിലുള്ള അനിശ്ചിതത്വം കാലങ്ങളായി ആകുലതകളുടെ വേലിയേറ്റമായി അലയടിച്ച മുനമ്പത്തെ 610 കുടുംബങ്ങൾ ഹൈക്കോടതിയുടെ ഇന്നലത്തെ നിർണായകമായ ഇടപെടലിലൂടെ ആശ്വാസതീരമണഞ്ഞതിന്റെ സംതൃപ്തിയറിയുന്നു.
2024 ഒക്ടോബർ 13നാണ് മുനമ്പം ജനത അനിശ്ചിതകാല റിലേ നിരാഹാരസമരം ആരംഭിച്ചത്. ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വേളാങ്കണ്ണിമാതാ പള്ളിയങ്കണത്തിലായിരുന്നു സമരം. കനത്ത മഴയും പൊരിവെയിലും പ്രതികൂല സാഹചര്യങ്ങളും കഠിനായ രാഷ്ട്രീയകാലാവസ്ഥകളുമൊന്നും അവരെ തളർത്തിയില്ല. തങ്ങളുടെ വീടുകൾ ഉൾപ്പെടുന്ന ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന അടിസ്ഥാനപരമായ ആവശ്യത്തിൽനിന്ന് അവർ തെല്ലും പിന്നോട്ടുപോയില്ല. ആ ലക്ഷ്യത്തിലേക്കുള്ള നിർണായകമായ വഴിത്തിരിവാകുകയാണ് മുനമ്പത്തേതു വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.
മുനമ്പം, ചെറായി മേഖലയിലെ 610 കുടുംബങ്ങളാണ് തങ്ങളുടെ ഭൂമിയിലുള്ള വഖഫ് അവകാശവാദത്തെത്തുടർന്ന് കുടിയിറക്കു ഭീഷണി നേരിടുന്നത്. കേന്ദ്രം വഖഫ് നിയമഭേദഗതി ബിൽ അവതരിപ്പിച്ചെങ്കിലും മുനമ്പത്തെ വിഷയത്തിനു പരിഹാരമായിരുന്നില്ല. വിഷയം പഠിക്കാൻ സംസ്ഥാനസർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് കമ്മീഷൻ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത് സർക്കാരിനും മുനമ്പം നിവാസികൾക്കും തിരിച്ചടിയായി.
കമ്മീഷൻ നിയമനം റദ്ദാക്കണമെന്ന വഖഫ് സംരക്ഷണ സമിതിയുടെ ഹർജി അനുവദിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് അന്നു വിധി പുറപ്പെടുവിച്ചത്. ഇതു ചോദ്യം ചെയ്തു സർക്കാർ സമർപ്പിച്ച അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ ഇപ്പോഴത്തെ നിർണായക ഉത്തരവ്.
മുനമ്പം ഭൂമിപ്രശ്നം സംബന്ധിച്ച് വഖഫ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലുമുള്ള മറ്റു കേസുകൾ ഡിവിഷൻ ബെഞ്ച് വിധിയിലൂടെ തങ്ങൾക്ക് അനുകൂലമായ നിലയിലേക്കു നീങ്ങുമെന്നാണ് മുനമ്പം നിവാസികളുടെ പ്രതീക്ഷ.
ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ മുനമ്പത്തെ ജനങ്ങൾക്കു ഭൂമിയുടെ നികുതിയടയ്ക്കുന്നതിനും ക്രയവിക്രയം സാധ്യമാക്കുന്നതിനും വഴിയൊരുക്കുന്ന വിധത്തിൽ സർക്കാർ ഉത്തരവും ഉണ്ടാകേണ്ടതുണ്ട്.