ലഹരിക്കടിപ്പെട്ട മകന്റെ മർദനമേറ്റ വിമുക്തഭടൻ മരിച്ചു
Friday, October 10, 2025 12:40 AM IST
വൈപ്പിൻ : ലഹരിക്ക് അടിപ്പെട്ട മകന്റെ ക്രൂര മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിമുക്തഭടൻ ആറാം നാൾ മരിച്ചു. ഞാറക്കൽ വാടക്കൽ വീട്ടിൽ ജോസഫ് (65) ആണ് മരിച്ചത്.
അമ്മ റാണിയെയും മകൻ ആക്രമിച്ചിരുന്നു. കഴിഞ്ഞ 28നായിരുന്നു സംഭവം. ഇതേത്തുടർന്ന് ജോസഫും ഭാര്യയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോസഫ് ഇന്നലെ രാവിലെയാണ് മരിച്ചത്.
ആക്രമണത്തെ തുടർന്ന് മകൻ ജൂഡിനെ ( 31) കസ്റ്റഡിയിലെടുത്ത പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്ത് 29ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
ഇയാൾ ഇപ്പോൾ മട്ടാഞ്ചേരി സബ് ജയിലിൽ റിമാൻഡിലാണ്. മകനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മാതാപിതാക്കൾ ഇറക്കിവിട്ടതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകിട്ട് ഏഴിന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയത്തിൽ സംസ്കരിക്കും.