വയനാട് ദുരന്തം : വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര നിലപാടിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി
Thursday, October 9, 2025 2:51 AM IST
കൊച്ചി: വയനാട് ദുരിതബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരേ ആഞ്ഞടിച്ച് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോയെന്നതാണു പ്രശ്നമെന്ന് കോടതി പറഞ്ഞു.
ദുരിത ബാധിതര്ക്കെതിരേയുള്ള ജപ്തിനടപടികള്‍ കോടതി സ്റ്റേ ചെയ്തു. ആരെയാണു കേന്ദ്രം വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും പൗരന്മാരെ അന്യഗ്രഹജീവികളായി കാണാനാകില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു. വായ്പകള്‍ എഴുതിത്തള്ളുന്നതില്‍ വിസമ്മതം അറിയിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മൃത്യുഞ്ജയ് ത്രിപാഠി കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വയനാട് ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞത്. കേന്ദ്രത്തിന്റെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണെന്നും വിശദീകരിച്ചു. തുടര്‍ന്നാണ് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ദുരിതബാധിതരുടെ ജപ്തിനടപടികള്‍ വിലക്കിയ കോടതി ബാങ്കുകളെ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നു പറയാനാകില്ലെന്ന് കോടതി ആവര്‍ത്തിച്ചു. വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോയെന്നതാണു പ്രശ്നം. എഴുതിത്തള്ളാനാകില്ലെന്നു പറയാനാവില്ല. ഭരണഘടനയില്‍ വ്യവസ്ഥയുണ്ടെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണഘടന വായിച്ചിട്ട് വരൂവെന്നും ആരെയാണു വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ ഭരണഘടന വായിച്ചിട്ടില്ലേയെന്നും കോടതി ചോദിച്ചു. സഹായിക്കാന്‍ തയാറല്ലെങ്കില്‍ അത് ജനങ്ങളോടു പറയൂ. കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം അങ്ങേയറ്റം അസ്വസ്ഥപ്പെടുത്തുന്നു. കാരുണ്യമല്ല തേടുന്നതെന്നും കോടതി പറഞ്ഞു.
പണമില്ലെന്നു പറഞ്ഞ് ഒഴിയാനും കേന്ദ്രത്തിനാകില്ലെന്നു പറഞ്ഞ ഡിവിഷന് ബെഞ്ച്, ആസാമിനും ഗുജറാത്തിനും ഉരുള്‍പൊട്ടലിന്റെ പേരില്‍ ദുരന്ത നിവാരണനിധിയില്നിന്ന് 707 കോടി രൂപ അനുവദിച്ചതിന്റെ പത്രവാര്‍ത്തയും വായിച്ചു. ഈ ദുരന്തങ്ങള്‍ വയനാടിന്റെ അത്ര ഗുരുതരമായിരുന്നില്ല. അഗ്നിരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്കായി 903 കോടിയും കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.