സർവീസ് റോഡുകൾ ടൂ വേ; ദേശീയപാതാ അഥോറിറ്റി
Thursday, October 9, 2025 2:20 AM IST
തേഞ്ഞിപ്പലം: ആറുവരി ദേശീയപാതയോടു ചേർന്ന സർവീസ് റോഡുകളിൽ ഇരു ദിശയിലേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാമെന്നു ദേശീയപാതാ അഥോറിറ്റി അധികൃതർ.
സർവീസ് റോഡുകൾ വണ്‍വേ അല്ലെന്നും ടൂ വേ ആണെന്നും അഥോറിറ്റി വ്യക്തമാക്കി. ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമുള്ള സർവീസ് റോഡുകൾ വണ്‍വേ ആണെന്ന ധാരണയിൽ തർക്കങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് അഥോറിറ്റി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ദേശീയപാത നിർമാണത്തിനു മുന്‍പ് പ്രാദേശിക യാത്രകൾക്ക് ഉപയോഗിച്ചിരുന്ന റോഡിന് പലയിടത്തും എട്ടും ഒന്‍പതും മീറ്റർ വീതിയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴുള്ള സർവീസ് റോഡുകൾക്ക് ആറര മീറ്ററാണു വീതി. ചിലയിടങ്ങളിൽ അതുപോലുമില്ല. ദേശീയപാത 66ൽ ചെറിയ ദൂരം മാത്രം ഓടുന്ന മിനിലോറികളും ബസുകളും മറ്റു വാഹനങ്ങളും മാത്രമാണ് സർവീസ് റോഡ് ഉപയോഗിക്കുന്നത്.
വലിയൊരു വിഭാഗം ഓട്ടോറിക്ഷകളും ബൈക്കുകളും ദേശീയപാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നിട്ടും ഇപ്പോൾത്തന്നെ സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഈയൊരു സാഹചര്യത്തിൽ ട്രാക്ടർ, ഓട്ടോ, ബൈക്ക് തുടങ്ങിയവയെല്ലാം സർവീസ് റോഡിലൂടെ മാത്രം പോകേണ്ടിവരുന്പോൾ കുരുക്ക് മുറുകും.
ദേശീയപാതയുടെ വീതി 65 മീറ്റർ എന്നത് കേരളത്തിൽ 45 മീറ്റർ ആക്കിയത് ഏറ്റവുമധികം ബാധിച്ചത് സർവീസ് റോഡിന്റെ വീതിയെയാണ്. വീതികുറഞ്ഞ ഇടങ്ങളിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഗതാഗതക്കുരുക്ക് ഉണ്ടായാൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്ന് വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് ദേശീയപാതാ ലെയ്സണ്‍ ഓഫീസർ പി.പി.എം. അഷ്റഫ് പറഞ്ഞു.