റാഗിംഗ് : തലയ്ക്കടിയേറ്റ് വിദ്യാർഥി ആശുപത്രിയിൽ
Thursday, October 9, 2025 2:20 AM IST
ചക്കരക്കല്ല്: ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത് ക്രൂരമായി മർദിച്ചതായി പരാതി.
ഇരിക്കൂർ സിബ്ഗ കോളജ് ബിബിഎ ഒന്നാം വർഷ വിദ്യാർഥി ചക്കരക്കൽ പള്ളിക്കണ്ടി മസ്ക്കൻ വീട്ടിൽ മുഹമ്മദ് നാഫിഹിനാണ് (18) മർദനമേറ്റത്. മുഹമ്മദ് നാഫിഹ് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
സീനിയർ വിദ്യാർഥികളായ ഷമ്മാസും സിയാദും ചേർന്ന് മൂത്രപ്പുരയിൽ കൊണ്ടു പോയി റാഗ് ചെയ്ത ശേഷം തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചെന്നാണ് മുഹമ്മദ് നാഫിഹ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
റാഗിംഗ് സംബന്ധിച്ച അധ്യാപകരെ അറിയിച്ചപ്പോൾ പ്രിൻസിപ്പലിന് പരാതി നൽകാൻ നിർദേശിച്ചെന്നും പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ പരാതി തന്നാൽ പഠിക്കാൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയുമായിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു.
പ്രിൻസിപ്പൽ പരാതി സ്വീകരിക്കാൻ തയാറാകാഞ്ഞതിനെ തുടർന്ന് പിതാവിനെ വിവരമറിയിക്കുകയും പിതാവിന്റെ നിർദേശാനുസരണം ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ അറിയിക്കുകയുമായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയ ശേഷം രാത്രി എട്ടോടെ അസഹ്യമായ തലവേദനയനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.