ഓപ്പറേഷന് നുംഖോർ: താരങ്ങളുടെ വീട്ടിലടക്കം മിന്നല്‍ പരിശോധന
Thursday, October 9, 2025 2:51 AM IST
കൊച്ചി: "ഓപ്പറേഷന് നുംഖോറി’ന്റെ ഭാഗമായുള്ള കസ്റ്റംസ് നടപടികള്‍ക്കു പിന്നാലെ ഭൂട്ടാനിൽനിന്നുള്ള വാഹനക്കടത്തില്‍ പിടിമുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). ഇതിന്റെ ഭാഗമായി, നികുതി വെട്ടിച്ചു വാഹനങ്ങൾ എത്തിച്ചെന്ന് കസ്റ്റംസ് കണ്ടെത്തിയ പ്രമുഖ നടന്മാരുടെ വീടുകളില്‍ ഇഡി മിന്നല്‍ പരിശോധന നടത്തി.
ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ദുല്‍ഖറിൽനിന്ന് ഇഡി വിവരങ്ങള്‍ തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
എറണാകുളത്ത് പനമ്പള്ളി നഗറിലെ നടന് മമ്മൂട്ടിയുടെ ആദ്യവീടായ മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുല്‍ഖറും താമസിക്കുന്ന എളംകുളത്തെ പുതിയ വീട്, ദുല്‍ഖറിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്റെ തേവരയിലെയും തോപ്പുംപടിയിലെയും ഫ്ലാറ്റുകള്‍, അമിത് ചക്കാലയ്ക്കലിന്റെ കലൂരിലെ വീട്, തൃശൂര്‍ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ഗാരേജ്, കോഴിക്കോട് തൊണ്ടയാടുള്ള കാര്‍ ഷോറൂം, ഇടുക്കി അടിമാലിയിലെ ഗാരേജ് എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പ്രതികരിക്കാതെ ദുല്‍ഖര്‍
ചെന്നൈയിലെ വീട്ടില്‍നിന്ന് ഇന്നലെ ഉച്ചയോടെ നെടുമ്പാശേരിയിലെത്തിയ ദുല്‍ഖര്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഇഡിയുടെ ആവശ്യപ്രകാരമാണോ കൊച്ചിയിലെത്തിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു മറുപടി. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കയറി എളംകുളത്തെ വീട്ടിലേക്കു പോയി.