ഡിസിഎൽ ബാലരംഗം
Thursday, October 9, 2025 2:20 AM IST
കൊച്ചേട്ടന്റെ കത്ത്
ഉള്ളതല്ലേ കൊടുക്കാൻ പറ്റൂ...
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1949-ലാണ് ജർമ്മനി രണ്ടായി വിഭജിക്കപ്പെട്ടത്. ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനി (FDG), പാശ്ചാത്യ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലും ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (GDR) സോവ്യറ്റ് യൂണിയന്റെ നിയന്ത്രണത്തിലുമായി,. വിഭജനത്തിന്റെ ദൃശ്യഭാഷ്യമായി പ്രശസ്തമായ ബെർലിൻ മതിൽ ഉയർന്നത് 1961-ലാണ്. ഒരുവശം ഈസ്റ്റ് ജർമ്മനിയും മറുവശം വെസ്റ്റ് ജർമ്മനിയും, രണ്ട് സ്വതന്ത്ര രാജ്യങ്ങളായി.
കാലം കുറേ കഴിഞ്ഞിട്ടും ഈസ്റ്റ് ജർമ്മനിയിലെ കുറേപ്പേർക്ക് വെസ്റ്റ് ജർമ്മനിയോടുള്ള പക അടങ്ങിയില്ല. പക വീട്ടാൻ അവർ ചെയ്തതെന്താണ്? കുറേപ്പേർ ചേർന്ന് അനേകം ട്രക്കുകളിൽ എല്ലാത്തരം മാലിന്യങ്ങളും വിസർജ്യങ്ങളും ശേഖരിച്ച് മതിലിനു മുകളിലൂടെ വെസ്റ്റ് ജർമ്മനിയിലേക്ക് എറിഞ്ഞു. വെസ്റ്റ് ജർമ്മനിക്കാർ ഇതു കണ്ടു, അവരുടെ നേതാക്കന്മാർ ഒത്തുചേർന്നു. അവർ പറഞ്ഞു: ""ഓരോരുത്തരും അവർക്കുള്ളതു നൽകുന്നു.''
പകരത്തിനു പകരം ചോദിക്കാതെ, വെസ്റ്റ് ജർമ്മനിക്കാർ ചെയ്തതെന്താണ്? അവർ നിരവധി ട്രക്കുകളിൽ ഏറ്റവും പുതിയ പഴങ്ങളും പൂക്കളും മനോഹരമായ സമ്മാനപ്പൊതികളും ശേഖരിച്ചു. ബെർലിൻ മതിലിനു മുകളിൽ നൂറുകണക്കിനു ട്രക്കുകൾ നിരന്നു. നല്ല വൃത്തിയായി എല്ലാ പാക്കറ്റുകളും ഈസ്റ്റ് ജർമ്മനിയിലേക്ക് ഇറക്കിക്കൊടുത്തു. ഓരോ ബോക്സിലും ഒരു കുറിപ്പുണ്ടായിരുന്നു: "You give what you have to give; we give what we have to give.'' ""നിങ്ങൾക്കുള്ളത് നിങ്ങൾ തരുന്നു, ഞങ്ങൾക്കുള്ളത് ഞങ്ങൾ തരുന്നു.'' പകരം പക പ്രതീക്ഷിച്ചിരുന്ന ഈസ്റ്റ് ജർമ്മൻകാരുടെ കിളിപോയി.
പടിഞ്ഞാറൻ ജർമ്മനിയുടെ മാന്യവും സ്നേഹാർദ്രവുമായ പ്രതികരണം കിഴക്കൻ ജർമ്മനിക്കാരുടെ മനസിളക്കി. പലരും മനഃസ്താപംകൊണ്ടു കരഞ്ഞുപോയി. നല്ല വ്യക്തിത്വത്തിന്റെ കരുത്ത് പകയിലും പ്രതികാരത്തിലുമല്ല, പകരം, ദയയിലും ക്ഷമിക്കാനുള്ള കഴിവിലും, ധാർമ്മിക ശക്തിയിലുമാണ്. അന്നുമുതൽ ബർലിൻ മതിൽ ജർമ്മൻ ജനതയുടെ അനുരഞ്ജനത്തിന്റെ ചിഹ്നമായി മാറി. 1989-ൽ ബർലിൻ മതിൽ ഇടിഞ്ഞു വീണു! 1990 ഒക്ടോബർ മൂന്നാംതീയതി ജർമ്മനി ഒന്നായി.
കൂട്ടുകാരേ, നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും നമ്മൾ ആരാണ് എന്നാണ് വെളിപ്പെടുത്തുന്നത്. ""ശാന്തമായ മറുപടി ക്രോധം ശമിപ്പിക്കുന്നു; പരുഷമായ വാക്ക് കോപം ഇളക്കി വിടുന്നു'' എന്ന് ബൈബിളിൽ, സുഭാഷിതങ്ങളിൽ (15:1) പറയുന്നു. ""സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണ്; വികടമായ വാക്ക് മനസ് പിളർക്കുന്നു. '' (സുഭാ. 15:4) പലരുടെയും മനസും ഹൃദയവും പിളർക്കുന്ന പകയുടെ വാക്കുകൾ മാത്രം മറ്റുള്ളവർക്കു കൊടുക്കുന്നവർ ഉണ്ട്.
നമ്മളോടും പലരും വികട വാക്കുകൾ പറയാറുണ്ടാവാം. നമ്മുടെ മനസും മുറിവേൽക്കുന്ന അനുഭവം നമുക്കുണ്ടാകാം. അപ്പോൾ ഓർക്കാം, അവർക്കുള്ളത് അവർ തരുന്നു. നമുക്കുള്ളത് നമ്മളും നൽകണം. അത് പകയും പ്രതികാരവുമാകരുത്, ക്ഷമയും ദയയും കരുണയുമാകണം.
വിദ്യാഭ്യാസം നമുക്കു നൽകുന്ന വ്യക്തിത്വ വികാസത്തിൽ നമ്മിൽ മാന്യതയും കുലീനതയും വികസിക്കണം. മറ്റുള്ളവരെ ആദരവോടെ ഉൾക്കൊള്ളാനും മര്യാദയോടെ പെരുമാറാനും നമുക്കു കഴിയണം. വീട്ടിലേക്ക് അപ്പൻ കയറിവന്നപ്പോൾ ബുക്കിൽ എഴുതിക്കൊണ്ടിരുന്ന മകൻ ചാടി എഴുന്നേറ്റു. എന്താ എഴുന്നേറ്റത് എന്നു ചോദിച്ചപ്പോൾ, അപ്പനല്ലേ, അറിയാതെ എഴുന്നേറ്റുപോയി എന്നാണ് പറഞ്ഞത്.
അപ്പനും അമ്മയും അധ്യാപകരും മുതിർന്നവരും വരുന്പോൾ എഴുന്നേറ്റുപോകുന്നത് അറിയാതെയല്ല, മനസിൽ ആദരവും ബഹുമാനവും സ്നേഹവും നിറഞ്ഞു കവിയുന്നതുകൊണ്ടാണ്. ഈ വികാസം ഇല്ലാത്തവർ അരികിലാരാണെന്ന് അറിയാറേയില്ല. നമുക്ക് ശത്രുത വെടിയാം. വിഭാഗീയതയുടെ മതിലുകൾ തകർക്കാം. ഐക്യത്തിന്റെ സംഘഗാനം ആലപിക്കാം. സ്നേഹം പൂത്തുലയട്ടെ.
സസ്നേഹം, സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ ഒന്നിന്
കോട്ടയം: ദീപിക ബാലസഖ്യം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നവംബർ ഒന്നിന് കോട്ടയത്തുള്ള ഡിസിഎൽ കേന്ദ്ര ഓഫീസിൽ നടക്കും.
ജനറൽ ലീഡർ, ഡെപ്യൂട്ടി ലീഡർ, രണ്ടു ജനറൽ സെക്രട്ടറിമാർ (ആൺകുട്ടിയും, പെൺകുട്ടിയും), ജോയിന്റ് സെക്രട്ടറിമാർ, പ്രോജക്ട് സെക്രട്ടറി, ട്രഷറർ, എന്നീ സ്ഥാനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. പ്രവിശ്യാതല ഭാരവാഹികളിൽ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് സംസ്ഥാന ഭാരവാഹികളായി മത്സരിക്കാൻ യോഗ്യതയുള്ളത്.
തെരഞ്ഞെടുപ്പിനുശേഷം പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞചൊല്ലി സ്ഥാനമേൽക്കും.
കാഞ്ഞിരപ്പള്ളി മേഖല ടാലന്റ് ഫെസ്റ്റ് നവം. 8-ന് സെന്റ് ഡൊമിനിക്സിൽ
കാഞ്ഞിരപ്പള്ളി: ഡിസിഎൽ കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ്റ് നവംബർ 8-ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾ തിരിച്ചാണ് മത്സരം. പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ ഗാനം, ചെറുകഥാരചന, കവിതാരചന, ഉപന്യാസരചന എന്നീ ഇനങ്ങളിലാണ് മത്സരം.
ഡിസിഎൽ ആന്തം, ലഹരിവിരുദ്ധഗാനം എന്നിവ ഒഴികെ എല്ലാ മത്സരങ്ങളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിരിക്കും. ഗ്രൂപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് രചനാമത്സരത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കുകയില്ല.
ഡിസിഎൽ ആന്തം, ഡിസിഎൽ ലഹരിവിരുദ്ധ സംഘഗാനം മത്സരങ്ങളിൽ ഏഴു പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. കരോക്കെ ഉണ്ടായിരിക്കുന്നതല്ല.
പ്രസംഗത്തിന് എൽപി വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് 5 മിനിറ്റുമായിരിക്കും സമയം.
വിഷയം - ഹൈസ്കൂൾ: (1) ഡിജിറ്റൽ സാധ്യതകൾ ജീവിത വിജയത്തിന്,
(2) ഇന്ത്യയ്ക്കുവേണ്ടത് മതസൗഹാർദമോ, മതേതരത്വമോ,
(3) നാട്ടിൽനിൽക്കാം, നാടിനെ നിലനിർത്താം
യു.പി. വിഭാഗം - (1) തകരാത്ത ജീവിതത്തിന് ഉറപ്പുള്ള കുടുംബബന്ധങ്ങൾ,
(2) മയക്കുമരുന്നിൽ മരുന്നില്ല, മരണമാണ്
എൽപി വിഭാഗം - (1) വീട്ടുകാരറിയട്ടെ, എന്റെ കൂട്ടുകാരെ
യു.പി. ഹൈസ്കൂൾ വിഭാഗങ്ങൾക്ക് മുകളിൽ കൊടുത്തിരിക്കുന്ന വിഷയങ്ങളിൽ, മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയമാണ് പ്രസംഗിക്കേണ്ടത്.
കോഴിക്കോട് പ്രവിശ്യാ ബാഡ്മിന്റൺ: മുക്കം പള്ളോട്ടിഹില്ലും ചേവായൂർ പ്രസന്റേഷനും ജേതാക്കൾ
താമരശ്ശേരി: ഡിസിഎൽ സംഘടിപ്പിക്കുന്ന സംസ്ഥാന ബാഡ്മിന്റ്ൺ ടൂർണമെന്റിന്റെ കോഴിക്കോട് പ്രവിശ്യാതല മത്സരങ്ങൾ താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ നകുൽ തിലക്, ഡിലിൻ പ്രസാദ് (പള്ളോട്ടിഹിൽ സ്കൂൾ മുക്കം), അനാൻ യു, മോഹിത് എസ് അനശ്വർ (ജയ്റാണി സ്കൂൾ ബാലുശ്ശേരി), ഇമ്മാനുവൽ ജോബി, വിനയ് ഷാജി (അൽഫോൻസ സ്കൂൾ താമരശ്ശേരി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ അഹാന മരിയ സാജൻ, ഗായത്രി അനിൽ (പ്രസന്റേഷൻ സ്കൂൾ ചേവായൂർ) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആരാധ്യ അർജുൻ ഗൈക് വാഡ്, ക്രിസ്റ്റീന എലിസബത്ത് (അൽഫോൻസ സ്കൂൾ താമരശ്ശേരി), രേവതി പ്രജീഷ്, വൈഗ പ്രജീഷ് (ഹോളി ഫാമിലി സ്കൂൾ കട്ടിപ്പാറ)എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.