ശില്പങ്ങൾ ചെന്നൈയിലേക്കു കൊണ്ടുപോയത് എന്റെ അനുമതിയില്ലാതെ: തന്ത്രി കണ്ഠര് രാജീവര്
Thursday, October 9, 2025 2:51 AM IST
ചെങ്ങന്നൂർ: ദ്വാരപാലക ശില്പങ്ങൾ ചെന്നൈയിലേക്കു കൊണ്ടുപോയത് തന്റെ അനുമതിയില്ലാതെയാണെന്നും ഇതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമാണെന്നും തന്ത്രി കണ്ഠര് രാജീവര്.
ശില്പങ്ങൾ ചെന്നൈയിൽ കൊണ്ടുപോയി സ്വർണം പൂശാൻ താൻ അനുമതി നൽകിയിട്ടില്ല. ശില്പങ്ങളുടെ ചെറിയൊരു ഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഇങ്ങോട്ട് എഴുതി ചോദിക്കുകയായിരുന്നു. ഈ ആവശ്യത്തിനുള്ള മറുപടി മാത്രമാണ് താൻ നൽകിയത്.
അടിഭാഗത്ത് മാത്രമാണ് കുറച്ചു മങ്ങൽ വന്നത്. ശബരിമലയിൽവച്ച് അറ്റകുറ്റപ്പണി നടത്താനാണ് താൻ അനുമതി കൊടുത്തത്. തന്ത്രി എന്ന നിലയിൽ ചെന്നൈയിൽ കൊണ്ടുപോകാൻ അനുമതി കൊടുത്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോയത് തന്റെ അനുമതി വാങ്ങാതെയാണ്. കൂടാതെ, ശില്പങ്ങൾ ചെമ്പല്ല, എല്ലാം സ്വർണംതന്നെയാണ്. താൻ നൽകിയ കത്തുകളിൽ എല്ലാം സ്വർണം എന്നാണ് എഴുതിയിരിക്കുന്നത്.
ദ്വാരപാലക ശില്പങ്ങൾ ഉൾപ്പെടെ എല്ലാം സ്വർണമാണ്. 2019ൽ ആയാലും ഇപ്പോഴായാലും പുറത്തുകൊണ്ടുപോയി സ്വർണം പൂശാൻ താൻ പറഞ്ഞിട്ടില്ലെന്നും തന്ത്രി കണ്ഠര് രാജീവര് കൂട്ടിച്ചേർത്തു.