സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിന്റെ പങ്ക് തെളിയുന്നു
Thursday, October 9, 2025 2:51 AM IST
തിരുവനന്തപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്.
സ്വർണപ്പാളി, ചെന്പുപാളിയായി മാറിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കിയുള്ള ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് വരാനിരിക്കെയാണ് ദേവസ്വം ബോർഡിന് ഇക്കാര്യത്തിൽ കൂടുതൽ പങ്കുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളും കോടതി നിരീക്ഷണങ്ങളും തെളിവുകളും പുറത്തുവരുന്നത്.
കാണാതായ സ്വർണപ്പാളിയിൽ വീണ്ടും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരേ രൂക്ഷവിമർശനം കേരള ഹൈക്കോടതിയുടെ നിരീക്ഷണത്തിലുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥൻ നിലപാട് മാറ്റിയതിലും, ചട്ടങ്ങൾ ലംഘിച്ച് സ്വർണപ്പാളികൾ സന്നിധാനത്തിനു പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചതിലും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേരിട്ടുള്ള ഇടപെടലുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കേസിൽ പ്രസിഡന്റ് പി.എസ്. പ്രശാന്തും ഇടതുമുന്നണിയുടെ പ്രതിനിധികളായ അംഗങ്ങളും അടങ്ങുന്ന സമിതിക്കെതിരേ കുരുക്കു മുറുകുകയാണ്.
വിവാദം അന്വേഷിക്കാൻ ഹൈക്കോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഇറക്കിയ ഉത്തരവിലാണ് ഇതു സംബന്ധിച്ചു കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങളുള്ളത്. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലും ഇതു സംബന്ധിച്ച ചർച്ചയുണ്ടായി. ഹൈക്കോടതി നിയോഗിച്ച കമ്മീഷണറെ അറിയിക്കാതെ ദ്വാരപാലക ശില്പങ്ങൾ കൊണ്ടുപോയത് ദേവസ്വം ബോർഡിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലുണ്ടായിരുന്നു.
തിരുവാഭരണം കമ്മീഷണറുടെ നിലപാട് മാറ്റവും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായകമാകുമെന്നാണു കരുതപ്പെടുന്നത്. ജൂലൈ 30ന് ചെന്നൈ ആസ്ഥാനമായുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിനു നിലവിലെ സ്വർണപ്പാളി ഇളക്കിമാറ്റാൻ സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പരന്പരാഗത രീതിയിൽ സ്വർണം പൂശാൻ 303 ഗ്രാം സ്വർണം ആവശ്യമുണ്ടെന്നും വ്യക്തമാക്കി തിരുവാഭരണം കമ്മീഷണർ കത്തു നൽകിയിരുന്നു.
എട്ടു ദിവസത്തിനകം, സ്പോണ്സർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചർച്ച നടത്തിയ ശേഷം തിരുവാഭരണ കമ്മീഷണർ തന്റെ മുൻ നിലപാട് മാറ്റി. സ്വർണം പൂശുന്നതിനായി പാളികൾ ചെന്നൈയിലെ അതേ സ്ഥാപനത്തിലേക്കു കൊണ്ടു പോകാമെന്നു ശിപാർശ ചെയ്തു.
ഈ മലക്കംമറിച്ചിലും അന്വേഷണ പരിധിയിൽ ഉൾപ്പെടും. സ്വർണം പൂശുന്ന നടപടി വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നിർദേശിച്ചതായി വ്യക്തമാക്കുന്ന തിരുവാഭരണം കമ്മീഷണറുടെ മറ്റൊരു കത്തിന്റെ രേഖകളും പുറത്തു വന്നു. ഓഗസ്റ്റ് 21ന് അയച്ച ഈ കത്തിൽ, സ്പോണ്സർ ഏൽപ്പിച്ച പ്രവൃത്തി വേഗത്തിലാക്കാൻ പ്രസിഡന്റ് ആവശ്യപ്പെട്ടതായി പറയുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെക്കൂടാതെ, വിജിലൻസ് റിപ്പോർട്ട് വരുന്നതോടെ നാല് ഉന്നത ഉദ്യോഗസ്ഥരെ ക്കൂടി സസ്പെൻഡ് ചെയ്യുമെന്നു സൂചനയുണ്ട്.
എന്നാൽ, ബോർഡ് തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർക്കു കഴിയുന്നതെന്ന ബൈലോ നിർദേശം, ക്രമക്കേട് നടന്ന കാലയളവിലെ ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും പങ്കും ബോർഡ് യോഗങ്ങളുടെ മിനിറ്റ്സും അടക്കം പരിശോധിക്കുന്ന നടപടികളിലേക്കു കടക്കാൻ ഇടയാക്കുമെന്നാണു വിലയിരുത്തൽ.