യുഡിഎഫ് അധികാരത്തിൽ വരുന്പോൾ റബറിന് 250 രൂപയാക്കും: വി ഡി. സതീശൻ
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വരുന്പോൾ റബറിന്റെ അടിസ്ഥാന വില 250 രൂപയാക്കി പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
റബറിന് അടിസ്ഥാന വില 250 രൂപയാക്കി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ‘വിലയില്ലെങ്കിൽ റബറില്ല’ എന്ന മുദ്രാവാക്യം ഉയർത്തി റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻസിആർപിഎസ്) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു പ്രതിപക്ഷ നേതാവ്.
2026ൽ യുഡിഎഫ് അധികാരത്തിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൂന്നുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന ചെലവ് കണക്കാക്കി അതിന്റെ 50 ശതമാനംകൂടി ചേർത്ത് അടിസ്ഥാനവില നിശ്ചയിക്കണമെന്നാണ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ഇപ്പോൾ പഴയ വില പോലും നൽകാതെ കർഷകരെ ദ്രോഹിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ റബർ വില സ്ഥിരതാ പദ്ധതി നോക്കുകുത്തിയാക്കി റബർ കർഷകരോട് ശത്രുതാപരമായി സർക്കാർ പെരുമാറുകയാണ്- സതീശൻ പറഞ്ഞു.
എൻസിആർപിഎസ് പ്രസിഡന്റ് ഏബ്രഹാം വർഗീസ് കാപ്പിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ മോൻസ് ജോസഫ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കുറുക്കോളി മൊയ്തീൻ, മുൻ എംഎൽഎ ജോസഫ് എം. പുതുശേരി, എൻ. ഹരി, എൻസിആർപിഎസ് ജനറൽ സെക്രട്ടറി ബാബു ജോസഫ്, രക്ഷാധികാരി അഡ്വ. സുരേഷ് കോശി, വൈസ് പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ നെടുമങ്ങാട്, എം. സുബൈർ എന്നിവർ പ്രസംഗിച്ചു.