മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനം: പഠനശിബിരം നടത്തി
Thursday, October 9, 2025 2:20 AM IST
കൊച്ചി: ദൈവദാസി മദർ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിനു മുന്നോടിയായി സിടിസി സെന്റ് ജോസഫ് പ്രൊവിൻസ് ഏകദിന പഠനശിബിരം നടത്തി.
‘മദർ ഏലീശ്വ പ്രത്യാശയുടെ ദീപശിഖ’ എന്ന വിഷയത്തിൽ നടന്ന പഠനശിബിരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തു ശക്തമായ മുന്നേറ്റമുണ്ടായത് മദർ ഏലീശ്വയുടെ സാമൂഹ്യ ഇടപെടലുകൾകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
മദർ തുടക്കംകുറിച്ച സന്യാസസഭയിലൂടെ ഇന്ന് ലോകമെമ്പാടും സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ സംഭാവനകൾ നൽകാൻ സിടിസി സന്യാസിനികൾക്ക് സാധിക്കുന്നുണ്ടെന്നും ഹൈബി ചൂണ്ടിക്കാട്ടി.
ആലുവ സെന്റ് സേവ്യേഴ്സ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാനേജർ സിസ്റ്റർ ചാൾസ് അധ്യക്ഷത വഹിച്ചു. സിടിസി സെന്റ് ജോസഫ് പ്രൊവിൻഷ്യൽ സിസ്റ്റർ പേഴ്സി, കിഫ്ബി വൈസ് ചെയർപേഴ്സൺ മിനി ആന്റണി, കവയിത്രി മോളി ജോസഫ്, പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ ഷാരിൻ എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ ജോയ് ഗോതുരുത്ത്, ഡോ. രതി മേനോൻ, സിസ്റ്റർ ഡോ.ശാലിനി എന്നിവർ വിഷയാവതരണം നടത്തി. ജോസഫ് ജൂഡ്, ഷാജി ജോർജ്, അഡ്വ. ഷെറി ജെ. തോമസ് എന്നിവർ മോഡറേറ്റർമാരായിരുന്നു. കോളജ് പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ്, ഡോ. ഗ്രിഗറി പോൾ, ഡോ. ഗ്ലാഡിസ് തമ്പി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രതികരണങ്ങൾ നടത്തി.