മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാം ; ബിൽ നിയമസഭ പാസാക്കി
Thursday, October 9, 2025 2:51 AM IST
തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ അധികാരം നല്കുന്ന 2025 ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലും സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്ക്കാന് അനുമതി നല്കുന്ന കേരള വന (ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചതിനാല്‍ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണു ബില്ലുകള്‍ പാസാക്കിയത്.
ജനവാസമേഖലയില്‍ ഇറങ്ങുന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചാല്‍ ഉടന്‍തന്നെ കൊല്ലാന്‍ ഉത്തരവിടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം നല്‍കുന്നതാണു വന്യജീവി സംരക്ഷണം ഭേദഗതി ബില്‍. വന്യജീവി ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ഗുരുതര പരിക്കേറ്റാല്‍ കളക്ടറോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അക്കാര്യം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് റിപ്പോര്‍ട്ട് ചെയ്താല്‍ അദ്ദേഹത്തിനു മറ്റ് നടപടിക്രമങ്ങള്‍ക്കായി സമയം പാഴാക്കാതെ അക്രമകാരിയായ വന്യമൃഗത്തെ കൊല്ലുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണു ബില്‍. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാല്‍ അവയുടെ ജനന നിയന്ത്രണം നടത്തല്‍, മറ്റ് സ്ഥലങ്ങളിലേക്കു നാടുകടത്തല്‍ എന്നിവയ്ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്.
നാടന്‍ കുരങ്ങുകളെ പട്ടിക ഒന്നില്‍നിന്നു പട്ടിക രണ്ടിലേക്കു മാറ്റുന്നതിനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചുവെന്നു കണ്ടാലും, വനത്തിന്റെയോ സംരക്ഷിത പ്രദേശങ്ങളുടെയോ അതിര്‍ത്തിക്കു പുറത്തുള്ള ഏതെങ്കിലും കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയായി മാറിയാലും അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കുന്നതിനുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. നിയമസഭ പാസാക്കുന്ന ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കണം. കേന്ദ്രനിയമത്തിലെ ഭേദഗതിയായതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം നേടിയാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ.
കേന്ദ്രനിയമവുമായി ബന്ധപ്പെട്ടതായതിനാല്‍ ബില്ലുമായി ബന്ധപ്പെട്ട് ചില കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും അതിന് ഒറ്റക്കെട്ടായ പരിശ്രമം വേണമെന്നും ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രന് ചൂണ്ടി ക്കാട്ടി. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനായി സര്‍ക്കാര്‍ നീക്കിവച്ച തുകയുടെ 75 ശതമാനവും വിതരണം ചെയ്തു. മറിച്ചുള്ള വാര്‍ത്തകള്‍ അവാസ്തവമാണ്. രേഖകള്‍ ഹാരജാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാരം നല്കുന്നതു തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങള്‍ വനംവകുപ്പ് മുഖേന മുറിച്ച് വില്ക്കാന് അനുമതി നല്‍കുന്നതാണു കേരള വനം(ഭേദഗതി) ബില്‍. കുറ്റകൃത്യങ്ങള്‍ക്കെതിരേ നടപടി എടുക്കാനുള്ള അധികാരം ഫോറസ്റ്റ് വാച്ചര്‍മാര്‍ക്കും നല്കുന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തിക്കൊണ്ടാണു ബില്‍ പാസാക്കിയത്.
വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബില്ലിലെ ഫോറസ്റ്റ് ഓഫീസര്‍ എന്ന നിര്‍വചനത്തിലെ "വാച്ചര്‍’ എന്നത് "ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ് ’ എന്നു തിരുത്തി. അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം ഇവർക്കില്ലെന്നും ബില്ലില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.