താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കു വെട്ടേറ്റു ; ആക്രമിച്ചത് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്
Thursday, October 9, 2025 2:51 AM IST
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ മുറിയില്‍വച്ച് പട്ടാപ്പകല്‍ ഡോക്ടര്‍ക്കു വെട്ടേറ്റു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ഡോ. വിപിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു മാസം മുമ്പ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച ഒമ്പതുകാരി അനയയുടെ പിതാവ് താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപ് (40) ആണ് വെട്ടിയത്. ഇയാളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ താമരശേരി താലൂക്ക് ആശുപത്രിയിലെ എല്ലാ സേവനവും നിര്‍ത്തിവച്ചു. ഇന്നു കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. അത്യാഹിത വിഭാഗം മാത്രമാണു പ്രവര്‍ത്തിക്കുക. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രകോപനമൊന്നും ഇല്ലാതെയായിരുന്നു ആക്രമണം. സൂപ്രണ്ടിനെ അന്വേഷിച്ചാണ് സനൂപ് എത്തിയത്. ബാഗില്‍ വടിവാള്‍ കരുതിയിരുന്നു. ഓഫീസില്‍ സൂപ്രണ്ട് ഉണ്ടായിരുന്നില്ല. ആ സമയം മുറിയില്‍ മെഡിസിന് വിഭാഗം ഡോക്ടറും ജീവനക്കാരും ഒരു രോഗിയുടെ രക്തം എടുത്ത വിഷയം സംബന്ധിച്ച് സൂപ്രണ്ടിന്റെ മുറിയില്‍ രോഗിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു.
ഡോ. വിപിനും അവിടെയുണ്ടായിരുന്നു.അപ്പോള്‍ മുറിയിലേക്കു കടന്നുവന്ന സനൂപ് ""എന്റെ മകളെ കൊന്നവനല്ലേടോ'' എന്നു പറഞ്ഞ് വടിവാള്‍കൊണ്ട് ഡോ. വിപിനെ വെട്ടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. അവിടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വെട്ടേറ്റിരുന്നു.
ഡോക്ടർക്ക് തലയില്‍ ഗുരുതരമായി മുറിവേറ്റു. ഒപ്പമുള്ളവര്‍ ഉടൻ പ്രാഥമിക ശുശ്രൂഷ നല്കി.പിന്നീട് ആംബുലന്‍സില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തലയ്ക്ക് ഏഴു സെന്റിമീറ്റര്‍ നീളത്തിൽ മുറിവുണ്ട്.
ഇപ്പോള്‍ ന്യൂറോ സര്‍ജറി വിഭാഗത്തിലാണു ചികിത്സയിലുള്ളത്. ഡോ. വിപിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സനൂപിനെ ആശുപത്രി ജീവനക്കാരും മറ്റു ഡോക്ടര്‍മാരും ചേര്‍ന്നു പിടിച്ച് ആശുപത്രി ഓഫീസിലേക്കു മാറ്റി. പിന്നീട് താമരശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് കേസ്. ആശുപത്രി സംരക്ഷണനിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.
താമരശേരി പോലീസ് സ്റ്റേഷന് 50 മീറ്റര്‍ അകലെ മാത്രമാണ് പകല്‍സമയത്ത് ഈ സംഭവം നടന്നത്. സനൂപിന്റെ മകള്‍ അനയ രണ്ടുമാസം മുമ്പാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
വിട്ടുമാറാത്ത പനി ബാധിച്ച് കുട്ടിയെ ആദ്യം കൊണ്ടുവന്നത് താമരശേരി താലൂക്ക് ആശുപത്രിയിലാണ്. അവിടെനിന്ന് രോഗം തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഗുരുതരമായ അവസ്ഥയിലാണ് മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്. എന്നാല്‍ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓഗസ്റ്റ് പതിനാലിനാണ് കുട്ടി മരിച്ചത്.
അനയയുടെ രണ്ടു സഹോദരങ്ങള്‍ക്കും അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ടുവെങ്കിലും രണ്ടു പേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു നേരിട്ട് കൊണ്ടുവരികയായിരുന്നു. അതിനാല്‍ രണ്ടു കുട്ടികളും രക്ഷപ്പെട്ടു. അനയയുടെ മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പല തവണ സനൂപ് ആശുപത്രി അധികൃതരെ സമീപിച്ചുവെങ്കിലും നല്‍കാത്തത് അയാളെ അസ്വസ്ഥനാക്കിയിരുന്നു.