“എട്ടു മുക്കാൽ അട്ടിവച്ചതു പോലെ ഉയരമില്ലാത്ത ആൾ”; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ്
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അടിച്ചു മാറ്റിയ വിവാദത്തിൽ നിയമസഭയിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംഎൽഎയെ ഉയരക്കുറവിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശാരീരികമായി അധിക്ഷേപിച്ചതായി പരാതി. എന്റെ നാട്ടിൽ എട്ടുമുക്കാൽ അട്ടിവച്ചതു പോലെ എന്നൊരു ചൊല്ലുണ്ട്. അത്രയും ഉയരമില്ലാത്ത ആളാണ് വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ചത്.
സ്വന്തം ശരീര ശേഷി ഇതിന് അനുവദിക്കില്ലെന്ന് അവർക്ക് അറിയാം. എങ്കിലും നിയമസഭയുടെ പരിരക്ഷ വച്ചു നിശ്ശബ്ദ ജീവികളായ വനിതാ വാച്ച് ആൻഡ് വാർഡ് അടക്കമുള്ളവരെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. വാച്ച് ആൻഡ് വാർഡും മനുഷ്യരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, അംഗത്തിന്റെ പേരു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ അധിക്ഷേപം.
ശാരീരിക അധിക്ഷേപം നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ പാർലമെന്ററി വിരുദ്ധമായതിനാൽ സഭാരേഖകളിൽ നിന്നു നീക്കണമെന്നു പ്രതിപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു. ശാരീരികമായി പ്രതിപക്ഷാംഗത്തെ ആക്ഷേപിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പിന്നീടു പറഞ്ഞു. ഈ കാലഘട്ടത്തിലാണോ പിണറായി വിജയൻ ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്. സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണ്. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നു. സ്പീക്കർ സമവായത്തിനു ശ്രമിച്ചു. കക്ഷിനേതാക്കളുടെ ചർച്ചയിൽ പ്രതിപക്ഷ കക്ഷി നേതാക്കൾ വിട്ടു നിന്നു.
കഴിഞ്ഞ രണ്ടു ദിവസം രാജ്യത്ത് ഒരു സഭയിലും കാണാത്ത തരത്തിൽ സ്പീക്കറുടെ മുഖം മറച്ചു പ്രതിപക്ഷം നിയമസഭയിൽ പ്രകോപനം തുടർന്നിട്ടും ഭരണകക്ഷി അംഗങ്ങൾ സംയമനം പാലിക്കുകയായിരുന്നു. ഭരണകക്ഷി അംഗങ്ങളുടെ നിലപാടിനെ ദൗർബല്യമായി പ്രതിപക്ഷം കാണാൻ ശ്രമിക്കരുത്. പാർലമെന്ററി രീതിയിൽ എങ്ങനെ തിരിച്ചു പെരുമാറണമെന്ന് അറിയാം. അതിനു ഭരണകക്ഷി അംഗങ്ങളെ നിർബന്ധിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നു രാജേഷ്; റിയാസിന്റെ നേതൃത്വത്തിൽ ഭരണകക്ഷിയുടെ ആക്രമണമെന്ന് പ്രതിപക്ഷം
പ്രതിപക്ഷത്തെ എ.പി. അനിൽകുമാറിനെയും ടി. സിദ്ദിഖിനെയും മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷ നേതാവാണ് പറഞ്ഞു വിട്ടതെന്നു പാർലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയുടെ മുന്നിൽ വന്നു നിന്ന് ആക്ഷേപിക്കുന്നതു ശരിയാണോ? കേട്ടുകേൾവിയില്ലാത്ത അക്രമസംഭവങ്ങളാണ് പ്രതിപക്ഷം ആസൂത്രണം ചെയ്തത്.
അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ഇപ്പോഴും ചികിത്സ തുടരുകയും ചെയ്യുന്ന ഉമാ തോമസിനേയും മനുഷ്യകവചമായി ഉപയോഗിക്കുന്നത് നാം കണ്ടു. ഇതു സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ചികിത്സയ്ക്കു വിധേയായ സ്ത്രീയെ മനുഷ്യകവചമായി ഉപയോഗിച്ചു സഭാ നടപടികൾ അലങ്കോലപ്പെടുത്താനുള്ള പ്രതിപക്ഷ നേതാവിന്റെ ശ്രമം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
എന്നാൽ മന്ത്രിമാരായ റിയാസിന്റെയും സജി ചെറിയാന്റെയും നേതൃത്വത്തിൽ ഭരണകക്ഷി അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സഭാ നടപടികൾ സ്തംഭിപ്പിക്കാൻ ഭരണകക്ഷിയാണ് വാച്ച് ആൻഡ് വാർഡിനെ ഇറക്കിയത്.
ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ സംസാരിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിനെ ഭരണകക്ഷി അംഗങ്ങൾ ബഹളമുണ്ടാക്കി സംസാരിക്കാൻ അനുവദിച്ചില്ല. പറയാനുള്ള പ്രധാന കാര്യം പറയാൻ പറഞ്ഞതോടെ സ്പീക്കറും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ സതീശൻ കൂടുതൽ പ്രസംഗത്തിലേക്കു കടന്നതോടെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ മന്ത്രിക്കു പ്രസംഗിക്കാൻ അവസരം നൽകുകയായിരുന്നു. ഇതോടെയായിരുന്നു സഭയിൽ നിന്നുള്ള പ്രതിപക്ഷ ബഹിഷ്കരണം.
നിശബ്ദ ജീവികളോട് എന്തിനാണ് പ്രതിഷേധം. നിയമസഭയുടെ പ്രിവിലേജ് ഉപയോഗിച്ച് അതിക്രമത്തിന് ശ്രമിച്ചു. വനിതകൾക്ക് നേരേ വരെ പ്രതിഷേധമുണ്ടായെന്നും ഇത് പ്രതിഷേധാർഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.