രാസവളംക്ഷാമം പരിഹരിക്കണമെന്ന് പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ
Thursday, October 9, 2025 2:20 AM IST
വാഴക്കുളം: പൈനാപ്പിള്‍ കൃഷിക്കാവശ്യമായ രാസവളംക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ നിവേദനം നൽകി.
കേന്ദ്ര കൃഷിമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവർക്കാണു നിവേദനം നൽകിയത്. പൈനാപ്പിൾ കൃഷിക്കാവശ്യമായ യൂറിയയും പൊട്ടാഷും രാസവളം വില്പന കേന്ദ്രങ്ങളിൽ യഥേഷ്ടം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൗമ സൂചികാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിള്‍ പ്രതിദിനം 1500-2000 ടണ്‍ സംസ്ഥാനത്തിനു പുറത്തേക്ക് കയറ്റി അയക്കപ്പെടുന്ന പഴവര്‍ഗമാണ്. ഏകദേശം 30,000 ഹെക്ടര്‍ സ്ഥലത്തു നിലവിൽ പൈനാപ്പിൾ കൃഷിയുള്ളതായി കണക്കാക്കുന്നു.
ഏകദേശം 75 കോടി പൈനാപ്പിൾ ചെടികളാണ് കൃഷിയുള്ളത്. ഇതിനുള്ള വളംപ്രയോഗത്തിന് ഒരു വർഷം മൂന്നു തവണയായി 22,500 ടൺ യൂറിയയും 15,000 ടൺ പൊട്ടാഷും ആവശ്യമാണെന്ന് കർഷകർ പറയുന്നു.
ഒരാണ്ടുവട്ടത്തിലെ അവസാന തവണ വളംപ്രയോഗത്തിന്റെ സമയമാണിത്. സമയബന്ധിതമായി വളംപ്രയോഗം നടത്തിയില്ലെങ്കില്‍ ഉത്പാദനക്കുറവുമൂലം കർഷകർക്ക് നഷ്ടം സംഭവിക്കും. സംസ്ഥാനത്തെയാകെ പൈനാപ്പിള്‍ കൃഷി സംബന്ധമായ സ്ഥിതിവിവര കണക്കുകൾ സർക്കാർ രേഖകളിലില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ജയിംസ് തോട്ടുമാരിയിൽ പറഞ്ഞു.
സംസ്ഥാനത്തെയാകെ കൃഷിഭൂമിയുടെ വിസ്തീര്‍ണം 25,23,000 ഹെക്ടറാണ്. നെല്ല്, തെങ്ങ്, ജാതി, കമുക്, കൊക്കോ, റബര്‍, ഏലം തുടങ്ങിയ പരമ്പരാഗതകൃഷികൾക്കും യൂറിയയും പൊട്ടാഷും ആവശ്യമാണെന്ന കാര്യവും അസോസിയേഷൻ ചൂണ്ടിക്കാട്ടി.