ലോറിക്കു പിന്നിൽ പിക്കപ്പിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
Thursday, October 9, 2025 2:20 AM IST
കോട്ടയം: കോട്ടയം എംസി റോഡിൽ എസ്എച്ച് മൗണ്ടിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി കോഴിക്കോട് സ്വദേശി മരിച്ചു.
പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് പൂളക്കോട് പാഴൂർ മുബാറക്ക് മൻസിൽ അബ്ദുൾ കലാം ആസാദ് ( 50) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. ഗ്രാഫിക്ക് ഡിസൈനറുമാണ്.
നിർമിച്ച ട്രോഫിയുമായി തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ആസാദും പിക്കപ്പ് വാൻ ഡ്രൈവറായ സിനാനും. ഈ സമയം വാഹനത്തിന്റെ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ണിൽ പ്രാണി പോയതാണ് അപകടത്തിന് കാരണമായി ഡ്രൈവർ പറയുന്നത്. പാഴ്സൽ സർവീസുമായി കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്.
അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിനാന്റെ കൈകൾക്ക് നേരിയ പരിക്കുണ്ട്. ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
മമ്മിക്കുട്ടി ഹാജി-സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: നഫ്സത്ത്. മക്കൾ: ഉമ്മു ഹബീബ, മുഹമ്മദ് അമീൻ, ഹന ഫാത്തിമ, ആയിഷ മിന്ന.