ഭരണപക്ഷക്കാരുടെ ഏകപക്ഷീയ ഗോളുകൾ
Thursday, October 9, 2025 2:20 AM IST
സാബു ജോണ്
തിരുവനന്തപുരം: ഒഴിഞ്ഞു കിടക്കുന്ന പ്രതിപക്ഷ സീറ്റുകളിലേക്കു നോക്കി ഭരണപക്ഷം കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. മലയോര ജനതയുടെ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുന്ന ദിവസം സഭയിൽനിന്ന് ഇറങ്ങിപ്പോയതു പൊറുക്കാൻ പറ്റാത്ത ഒന്നാമത്തെ തെറ്റ്. ശബരിമലയിലെ ദ്വാരപാലകശിൽപവുമായി ബന്ധിപ്പിച്ചു വേണ്ടാത്ത പ്രതിഷേധങ്ങൾ നടത്തി സഭ അലങ്കോലപ്പെടുത്തുന്നത് അടുത്ത തെറ്റ്.
ചർച്ചകൾ പുരോഗമിച്ചു വന്നതോടെ ലക്ഷ്യം വയ്ക്കുന്നതു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെത്തന്നെയെന്നു വ്യക്തമായി. സതീശന്റെ പരാമർശങ്ങൾ കേട്ടപ്പോൾ മാനസികനില തെറ്റിയോ എന്നു വരെ കടകംപള്ളി സുരേന്ദ്രനു സംശയം തോന്നി. പ്രതിപക്ഷത്തിനാകെ വിറളി പിടിച്ചെന്നാണു പി. ബാലചന്ദ്രനു തോന്നുന്നത്. വിഭ്രാന്തിയും ഭ്രാന്തുമായാണ് എ. പ്രഭാകരനു തോന്നിയത്. പ്രതിപക്ഷം പ്രതിദിനം ഇളിഭ്യരായി മാറുന്നു എന്നാണു ജി. സ്റ്റീഫൻ കണ്ടത്.
ചോദ്യോത്തരവേളയിൽ പ്രതിപക്ഷ പ്രതിഷേധം കൈയാങ്കളിയുടെ വക്കോളമെത്തിയതോടെ പ്രതിപക്ഷം കളം മാറ്റി. അവർ സഭ ബഹിഷ്കരിച്ചു. അതോടെ ഭരണപക്ഷത്തിനു വിശാലമായി പ്രസംഗിക്കാൻ അവസരമായി. നാലു ബില്ലുകളുടെ ചർച്ചയിൽ രാഷ്ട്രീയം നല്ലതു പോലെ തിരുകിക്കയറ്റി.
വനം, വന്യജീവി നിയമഭേദഗതിയുടെ ചർച്ച വഴിമാറി ശബരിമലയിലേക്കു കടന്നപ്പോൾ ചെയറിലിരുന്ന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വി.കെ. പ്രശാന്തിനെ അക്കാര്യം ഓർമിപ്പിച്ചു. ശബരിമലയും വനത്തിലാണല്ലോ എന്നു പറഞ്ഞ് മാത്യു ടി. തോമസും ആന്റണി രാജുവും പ്രശാന്തിന്റെ തുണയ്ക്കെത്തി.
സഭയ്ക്കുള്ളിലെ പ്രതിഷേധത്തിനിടെ പ്രതിപക്ഷത്തെ ഒരു അംഗം വനിതാ വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിക്കുന്നതു നേരിട്ടു കണ്ടെന്നു സാക്ഷ്യം പറഞ്ഞത് വി. ജോയി ആയിരുന്നു. ആണത്തമുള്ളവർ അങ്ങനെ ചെയ്യില്ലെന്നു ജോയി പറഞ്ഞപ്പോൾ ഇടതുപക്ഷത്തെത്തന്നെ കൂടുതൽ പുരോഗമനവാദിയായ പുതുതലമുറയിലെ പി. മുഹമ്മദ് മുഹസിൻ ലിംഗനിഷ്പക്ഷതയുടെ പ്രശ്നം എടുത്തിട്ടു. തന്റേടമുള്ള എന്ന പകരം പദം നിർദേശിച്ചു.
ജോയി അതു കൈയോടെ സ്വീകരിച്ചു. ആണത്തമുണ്ടെങ്കിൽ എന്നു പറഞ്ഞ് പ്രതിപക്ഷനേതാവിനെ നേരത്തേ വെല്ലുവിളിച്ച കടകംപള്ളി സുരേന്ദ്രന്, ഇങ്ങനെയൊരു പ്രശ്നമുണ്ടല്ലോ എന്ന് അപ്പോഴാണ് മനസിലായത്. പാർലമെന്ററി അല്ലാത്ത ഈ പ്രയോഗം പിൻവലിക്കുന്നതായി കടകംപള്ളി പറഞ്ഞു.
വന്യമൃഗശല്യം പരിഹരിക്കുന്നതിനുള്ള പ്രതിവിധിയായി നിയമത്തിൽ ഭേദഗതി വരുത്തുന്പോഴും ഫലപ്രാപ്തിയേക്കുറിച്ചു മന്ത്രിക്കോ ഭരണപക്ഷത്തിനോ ഉറപ്പൊന്നുമില്ല. കേന്ദ്രനിയമം എന്ന പരിമിതിക്കുള്ളിൽനിന്നാണ് ഈ നിയമനിർമാണം എന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ പറഞ്ഞു. ഒരു ശ്രമം എന്നാണ് പി.ടി.എ. റഹിം പറഞ്ഞത്.
സിംഹം ഒഴികെയുള്ള എല്ലാ വന്യമൃഗങ്ങളും തന്റെ മണ്ഡലത്തിലുണ്ടെന്ന് എ. പ്രഭാകരൻ പറഞ്ഞു. കാട്ടുപന്നിയുടെ മാംസം രുചികരമാണെന്നു പറയുന്നു എന്നു സുപാൽ പറഞ്ഞപ്പോൾ രുചിച്ചിട്ടുണ്ടോ എന്നു ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചോദിച്ചെങ്കിലും സുപാൽ ആ ചൂണ്ടയിൽ കൊത്തിയില്ല.
മനുഷ്യ-വന്യമൃഗ സംഘർഷം എന്ന പ്രയോഗത്തിൽ തന്നെ കെ.ഡി. പ്രസേനൻ ശേലുകേടു കാണുന്നു. മനുഷ്യർ വന്യമൃഗങ്ങളെ ആക്രമിക്കാൻ പോകുന്നില്ലല്ലോ എന്നു പ്രസേനൻ ചോദിച്ചു.
മലയോരവാസികൾ അങ്ങേയറ്റം അഭിനന്ദിക്കുന്ന നിയമമാണു വരുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാച്ചർമാർക്ക് അറസ്റ്റ് ചെയ്യാൻ അധികാരം കൊടുക്കുന്നു എന്നു പറഞ്ഞു തെറ്റിദ്ധാരണ പരത്താൻ ചിലർ ശ്രമിക്കുകയാണെന്നും റോഷി കുറ്റപ്പെടുത്തി. ശബരിമലയിലെ യഥാർഥ കുറ്റവാളികൾ അപ്പുറത്താണെന്നാണ് വി. ജോയിയുടെ നിഗമനം.
ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയാഗാന്ധിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഏതായാലും ജോയി ഫോണിൽ സേവ് ചെയ്തു വച്ചിട്ടുണ്ട്. ശബരിമലയിൽ ഭക്തരുടെ വികാരം വ്രണപ്പെടുത്താനല്ല, സംരക്ഷിക്കാനാണു തങ്ങൾ ശ്രമിക്കുന്നതെന്നു പറഞ്ഞുകൊണ്ട് വി. ജോയി ഇടതുപക്ഷ നിലപാട് വ്യക്തമാക്കി.
മൂന്നാം പിണറായി സർക്കാർ ഉറപ്പാണെന്ന് ഇതിനിടെ പലരും പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനെ രൂക്ഷമായി വിമർശിക്കാൻ ഭരണപക്ഷത്തും ആളു വളരെ കുറവായിരുന്നു. അംഗബലത്തിന്റെ മൂന്നിലൊന്നിൽ താഴെയായിരുന്നു പലസമയത്തും സഭയിൽ ഹാജർ. സ്പീക്കർ എ.എൻ. ഷംസീർതന്നെ ഇക്കാര്യം പരാമർശിക്കുകയും ചെയ്തു.