വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു
Thursday, October 9, 2025 2:20 AM IST
മരട് (കൊച്ചി): കുണ്ടന്നൂരിലെ വ്യാപാരസ്ഥാപനത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു. കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കമ്പനിയിൽനിന്നാണു പണം കവർന്നത്. കമ്പനി ഉടമയായ സുബിൻ തോമസിന്റെ മുഖത്ത് മുളക് സ്പ്രേ അടിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയുമായിരുന്നു കവർച്ച. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം വടുതല സ്വദേശി സജിയെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘമാണു കവർച്ച നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടാണു സംഭവമെന്നാണ് പോലീസ് പറയുന്നത്. 80 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുന്നതായിരുന്നു പദ്ധതി. ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന ഓമനപ്പേരിലാണു തട്ടിപ്പ് നടത്തുക. നേരത്തേ പരിചയമുള്ള ഇതിന്റെ ഏജന്റായ സജി രണ്ടു ദിവസമായി ഈ കമ്പനിയുടമയുമായി ബന്ധപ്പെടാറുണ്ടായിരുന്നു.
സജി വഴി പരിചയപ്പെട്ട എറണാകുളം സ്വദേശികളായ ജോജി, ജിഷ്ണു എന്നിവരുമായിട്ടായിരുന്നു ഇടപാട്. ഇവർ ഉച്ചകഴിഞ്ഞു മൂന്നോടെ കമ്പനിയിലെത്തി പണം എണ്ണുന്നതിനിടെയാണ് മുഖംമൂടി ധരിച്ച അഞ്ചുപേർ എത്തിയത്. വടിവാൾ വീശിയും തോക്ക് ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കമ്പനിയിലെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു.
പണവുമായി സംഘം കുണ്ടന്നൂർ ഭാഗത്തേക്കു കടന്നു. കാറിന്റെ നമ്പർ കറുത്ത തുണികൊണ്ട് മറച്ചിരുന്നു. ബഹളത്തിനിടെ ജോജിയും ജിഷ്ണുവും മുങ്ങുകയും ചെയ്തു. അങ്കലാപ്പിലായി നിന്നു പോയ സജിയെ സുബിനും മറ്റു ജീവനക്കാരും ചേർന്ന് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കമ്പനിയിലെ സിസിടിവി കാമറകൾ പ്രവർത്തനരഹിതമാണ്.
സിൽവർ നിറത്തിലുള്ള റിറ്റ്സ് കാറിലാണ് കവർച്ചാസംഘമെത്തിയത്. നമ്പർ പ്ലേറ്റ് ഉൾപ്പെടെ മറച്ചനിലയിലായിരുന്നു.