തദ്ദേശസ്ഥാപനങ്ങളെ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് ഭേദഗതി ബില്ലുകള്‍ നിയമസഭ പാസാക്കി.
ഇതിനു പുറമേ ആഭ്യന്തര വിജിലന്‍സ് മോണിറ്ററിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും പട്ടികജാതി, പട്ടികവര്‍ഗ വാര്‍ഡ് സംവരണത്തിന് പുതിയ മാനദണ്ഡങ്ങളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും ജനസംഖ്യ തുല്യമായി വരുന്ന പ്രദേശത്ത് ആദ്യ തവണ നറുക്കെടുപ്പിലൂടെ സംവരണം നിശ്ചയിക്കാനും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കാനുമുള്ള വ്യവസ്ഥയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇതിനു പുറമേ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയില്‍ തോന്നുംപടി പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയാന്‍ ഫീസ് ഏര്‍പ്പെടുത്തും. തദ്ദേശസ്ഥാപനം നിശ്ചയിക്കുന്ന സ്ഥലത്ത് ഫീസ് ഈടാക്കി ഇവ സ്ഥാപിക്കാന്‍ അനുമതി നല്‍കും. അടിസ്ഥാന വസ്തുനികുതി നിരക്കുകള്‍ പൂര്‍ണസംഖ്യയില്‍ തന്നെ നിര്‍ണയിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.