ഡോക്ടറെ വെട്ടിയ സംഭവം ; മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് പ്രകോപനമായെന്നു സൂചന
Thursday, October 9, 2025 2:20 AM IST
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപരിക്കേല്പ്പിക്കുന്നതിലേക്കു നയിച്ചത് കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തിലുള്ള മാനസിക പ്രയാസമെന്നു സൂചന.
ഡോ. വിപിനെ വെട്ടി പരിക്കേല്‍പ്പിച്ച സനൂപും കുടുംബവും മകള്‍ അനയയുടെ മരണ സര്‍ട്ടിഫിക്കറ്റിനു സമീപിച്ചപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കൊടുക്കാന്‍ തയാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ല മരിച്ചതെന്നാണു മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞതെന്നു സനുപിന്റെ ഭാര്യ പറയുന്നു. മസ്തിഷ്കജ്വരം ബാധിച്ചാണു മരിച്ചതെന്നാണു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍, അത് അമീബിക് ജ്വരമല്ലെന്നും ഇതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്കാന് പറ്റില്ലെന്നു ഡോക്ടര്‍ പറഞ്ഞതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
താമരശേരി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് അനയയെ കൊണ്ടുവന്നപ്പോള്‍ രോഗനിര്‍ണയം നടത്തുന്നതില്‍ കാലതാമസമുണ്ടായി. ഇതാണു കുട്ടിയുടെ മരണത്തിലേക്കു നയിച്ചതെന്ന് കുടുംബം ആരോപിച്ചു.
ഒമ്പതു വയസുള്ള അനയ ഓഗസ്റ്റ് 14നാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. കുട്ടിയുടെ രണ്ടു സഹോദരങ്ങള്‍ക്കും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നു. അവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സുഖം പ്രാപിച്ചു.
കുട്ടികൾ കുളത്തില്‍ കുളിച്ചപ്പോഴാണ് വൈറസ് ബാധയുണ്ടായത്. മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗം, കുളത്തില്‍ നടത്തിയ പരിശോധനയില്‍ അമീബയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
മൂന്നുകുട്ടികളും മാരകരോഗം ബാധിച്ചതില്‍ കുടുംബം വലിയ മാനസികപ്രയാസത്തിലായിരുന്നു. ഏഴുവയസുള്ള കുട്ടിയുടെ നട്ടെല്ലില്‍നിന്നു സ്രവം കുത്തിയെടുത്തത് ആരോഗ്യപ്രശ്നം സൃഷ്ടിക്കുമോ എന്ന ആശങ്കയും ഇവര്‍ക്കുണ്ടായിരുന്നു. ഡോക്ടര്‍മാര്‍ കൃത്യമായ വിവരം നല്‍കിയില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു.
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വീഴ്ചയ്ക്കെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു.