സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഇനി സൈബര്‍ ഡിവിഷന്റെ നിയന്ത്രണത്തില്‍
Thursday, October 9, 2025 2:20 AM IST
കോഴിക്കോട്: സംസ്ഥാനത്തെ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ ഇനി തിരുവനന്തപുരം സൈബര്‍ ഡിവിഷന് ആസ്ഥാനത്തിന്റെ നിയന്ത്രണത്തില്‍.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥിരതയുള്ളതും ഫലപ്രദവുമാക്കാനുദേശിച്ചാണു ഘടനാപരമായ മാറ്റം വരുത്തിയത്.
നിലവില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ജില്ലാ പോലീസ് മേധാവികളുടെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളില്‍ സൈബര്‍ ഡിവിഷന്റെ നേരിട്ടുള്ള നിയന്ത്രണം സാധ്യമല്ല.
ജില്ലാതല നിയന്ത്രണം കാരണം കാര്യക്ഷമതയില്‍ കുറവുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പോലീസ് മേധാവി നല്കിയ ശിപാര്‍ശ പരിഗണിച്ച് പുതിയ മാറ്റത്തിനു സര്‍ക്കാര്‍ അനുമതി നല്കി.
സംസ്ഥാനത്തെ എല്ലാ സൈബര്‍ പോലീസ് സ്റ്റേഷനുകളും ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസി (സൈബര്‍ ഓപ്പറേഷന്‍സ്)ന്റെ മേല്‍നോട്ടത്തിലാണ് ഇനി പ്രവര്‍ത്തിക്കുക.