സ്വർണപ്പാളി വിവാദം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കാണാതായതിനെക്കുറിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം നിയമസഭയിൽ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നു ശബരിമലയുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി നിർദേശപ്രകാരം പ്രത്യേക സംഘത്തിന്റെ അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കും. ഗൗരവമായ അന്വേഷണം വേണമെന്ന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായം പരിഗണിച്ചാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
പ്രതിപക്ഷം വസ്തുതകളെ ഭയപ്പെടുകയാണ്. അവർക്ക് വിഷമകരമായ രീതിയിൽ കാര്യങ്ങൾ ഉയർന്നു വരുമെന്ന ഭയമാണ്. അതിനാൽ പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഒരു പുകമറയെയും സർക്കാർ ഭയക്കുന്നില്ല.
സഭയിൽ ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം ആവശ്യം എന്താണെന്നു വ്യക്തമാക്കുന്നില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കെല്ലാം മറുപടി നൽകാൻ തയാറാണ്. അതാണു പ്രതിപക്ഷം ഭയക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.