ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പ്: പ്രതി മുംബൈയിൽ പിടിയിൽ
Thursday, October 9, 2025 2:20 AM IST
ഇരിങ്ങാലക്കുട: ഒരു കോടി എട്ടുലക്ഷത്തിലധികം രൂപയുടെ ഓണ്‍ലൈൻ ട്രേഡിംഗ് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശേരി നിബ്രാസ് മഹലിൽ അജ്സൽ(24) ആണ് പിടിയിലായത്. ചാലക്കുടി പരിയാരം മാളക്കാരൻ ബിനു പോളി (47)ൽനിന്ന് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1,08,78,935 രൂപ ട്രാൻസ്ഫർ ചെയ്യിച്ചാണു തട്ടിയെടുത്തത്.
ഓണ്‍ലൈൻ ട്രേഡിംഗിലൂടെ വലിയ ലാഭം ഉണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണു പണം അയപ്പിച്ചത്. അവർ നൽകിയ ലിങ്ക് വഴി ട്രേഡ് ചെയ്ത് പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചിരുന്നില്ല. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ കേരളത്തിൽനിന്നു കമ്മീഷനുവേണ്ടി ബാങ്ക് അക്കൗണ്ടുകൾ വിറ്റ കോളജ് വിദ്യാർഥികളെ പിടികൂടിയിരുന്നു.
അജ്സൽ മലയാളിവിദ്യാർഥികളെ കമ്മീഷൻ വ്യവസ്ഥയിൽ ബംഗളൂരുവിലെത്തിച്ച് പല ബാങ്കുകളിൽനിന്ന് അക്കൗണ്ട് എടുപ്പിക്കുകയും സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഈ അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയുമായിരുന്നു. ഈ പണം പിൻവലിച്ച് ക്രിപ്റ്റോ കറൻസിയാക്കി ചൈന, കംബോഡിയ, ദുബായ് തുടങ്ങിയ രാജ്യങ്ങളിലേക്കു കൈമാറ്റം ചെയ്തതായും കണ്ടെത്തി.
ഒളിവിലായിരുന്ന അജ്സലിനെ പിടികൂടുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തായ്ലൻഡിലേക്കു കടക്കാനായി മുംബൈ എയർപോർട്ടിൽ വന്നപ്പോഴാണ് അജ്സലിനെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം അധികൃതർ തടഞ്ഞുവച്ചത്.
തുടർന്ന് തൃശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി.എസ്. സുജിത്ത്, എസ്ഐ ആൽബി തോമസ് വർക്കി, ജിഎസ്ഐ കെ.വി. ജസ്റ്റിൻ, സിപിഒമാരായ ടി.പി. ശ്രീനാഥ്, സി.എസ്. ശ്രീയേഷ്, യു. ആകാശ്, സി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.