250 ടണ്‍ ശേഷിയുള്ള സ്ലിപ്പ്വേ ക്രാഡില്‍
Thursday, October 9, 2025 2:20 AM IST
കൊച്ചി: രാജ്യത്തിന്റെ സമുദ്രമത്സ്യ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സുപ്രധാന ചുവടുവയ്പായി 250 ടണ്‍ ഭാരവാഹകശേഷിയുള്ള പുതിയ സ്ലിപ്പ്വേ ക്രാഡില്‍ (കപ്പല്‍ തൊട്ടില്) കൊച്ചിയില്‍ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന് കമ്മീഷന് ചെയ്തു.
സിഐഎഫ്ടി ഡയറക്ടര്‍ ഡോ. ജോര്‍ജ് നൈനാന്, കോസ്റ്റ് ഗാര്‍ഡ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആശിഷ് മെഹ്റോത്ര, എഫ്എസ്ഐ സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ്, എൻജിനിയറിംഗ് വിഭാഗം ഡയറക്ടര്‍ ധരംവീര്‍ സിംഗ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
മത്സ്യബന്ധന ബോട്ടുകള്‍ മുതല്‍ ഗവേഷണ യാനങ്ങള്‍ വരെയുള്ളവയ്ക്കു ഡോക്കിംഗിനും അറ്റകുറ്റപ്പണികള്‍ക്കും ഈ സംവിധാനം പ്രയോജനകരമാകും. ഫിഷറി സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) 1.78 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഈ സംവിധാനം 250 ടണ്‍ വരെ ഭാരമുള്ള യാനങ്ങള്‍ സുരക്ഷിതമായി കരയ്ക്കു കയറ്റാനും നീറ്റിലിറക്കാനും കഴിയുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ശേഷിയുടെ കാര്യത്തില്‍ രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സ്ഥാപിക്കപ്പെടുന്ന ഏറ്റവും വലിയ കപ്പല്‍ ക്രാഡില്‍ സംവിധാനമാണിത്.
പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന (പിഎംഎംഎസ്വൈ) വിഭാവനം ചെയ്യുന്ന ആഴക്കടല്‍ യാനങ്ങളുടെ നവീകരണത്തിന് ഈ സ്ലിപ്പ്വേ ക്രാഡില്‍ നിര്‍ണായകമാണെന്ന് എഫ്എസ്ഐ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.ആര്. ശ്രീനാഥ് പറഞ്ഞു.
ഒരേസമയം ആറു യാനങ്ങള്‍ വരെ വിവിധ ബര്‍ത്തുകളിലായി അറ്റകുറ്റപ്പണികള്‍ക്കായി കരയ്ക്കു കയറ്റാന്‍ സാധിക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), കേന്ദ്ര ഫിഷറീസ് സാങ്കേതികവിദ്യാ സ്ഥാപനം (സിഐഎഫ്ടി), കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ ഗവേഷണ എന്‍ഫോഴ്സ്മെന്റ് യാനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം.