ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്ന് വി.ഡി. സതീശൻ
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിനയുടെ ചികിത്സ യുഡിഎഫ് ഏറ്റെടുക്കുമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനെ തുടർന്ന് താൻ അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്നനങ്ങൾക്കും വേദനയ്ക്കും നഷ്ടപരിഹാരം നൽകണമെന്നും സർക്കാർ തന്റെ തുടർന്നുളള ചികിത്സകൾ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ ഹർഷിന ഇന്നലെ നടത്തിയ സമരം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പ്രതിപക്ഷനേതാവ് യുഡിഎഫിന്റെ സഹായം പ്രഖ്യാപിച്ചത്.
ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമാണ്. വളരെയേറെ വേദനയോടെയാണ് ഹർഷിന ജീവിക്കുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നുളള അവഗണന അവസാനിപ്പിക്കണം. ഹർഷിന ആഗ്രഹിക്കുന്ന ആശുപത്രിയിൽനിന്നുതന്നെ ഏറ്റവും നല്ല ചികിത്സ അവർക്ക് ഉറപ്പാക്കുമെന്നു പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എംഎൽഎമാരായ ഉമാ തോമസ്, നജീബ് കാന്തപുരം കേരള കോണ്ഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി തുടങ്ങിയവരും ഹർഷിനയുടെ സമരവേദിയിലെത്തി.