ന്യൂമാഹി ഇരട്ടക്കൊല: കൊടി സുനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Thursday, October 9, 2025 2:20 AM IST
തലശേരി: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25), കുറുന്തോടത്ത് ഷിനോജ് (32) എന്നിവരെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയെന്ന കേസിൽ കൊടി സുനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. തലശേരി അഡീഷണൽ സെഷൻസ് ഫാസ്റ്റ് ട്രാക്ക്-3 ജഡ്ജ് റൂബി കെ. ജോസാണ് 14 പ്രതികളെയും വെറുതെ വിട്ടുകൊണ്ടു വിധി പ്രഖ്യാപിച്ചത്.
പള്ളൂർ മാഹി കൊയ്യോട് തെരുവിലെ സുഷി നിവാസിൽ ടി. സുജിത്ത് (37), ചൊക്ലി നെടുന്പ്രം മീത്തലെ ചാലിൽ ഷാരോൺ വില്ലയിൽ എൻ.കെ. സുനിൽകുമാർ എന്ന കൊടി സുനി (41), ചാലക്കര നാലുതറ മൻഡുപറന്പത്ത് കോളനിയിൽ ടി.കെ. സുനിൽകുമാർ (44), ചൊക്ലി ഓറിയന്റൽ സ്കൂളിനു സമീപത്തെ പറന്പത്ത് ഹൗസിൽ കെ.കെ. മുഹമ്മദ് ഷാഫി (40), പള്ളൂർ സെന്റ് തെരേസാസ് സ്കൂളിനു സമീപം ഷമിൽ നിവാസിൽ ടി.പി. ഷമിൽ (38), ചൊക്ലി കവിയൂർ റോഡിൽ കൂടേന്റവിട ഹൗസിൽ എ.കെ. ഷമ്മാസ് (36), ഈസ്റ്റ് പള്ളൂർ കുനിയിൽ ഹൗസിൽ കെ.കെ. അബാസ് (36), ചെന്പ്ര നാലുതറ റേഷൻ റോഡിനു സമീപം പാറയുള്ള പറന്പിൽ രാഹുൽ (34), പള്ളൂർ ചാലക്കര നാലുതറ കുന്നുമ്മൽ വീട്ടിൽ തേങ്ങ വിനീഷ് (45), പള്ളൂർ നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി. വിജിത്ത് (41), പള്ളൂർ കോഹിനൂർ ആശിർവാദ് നിവാസിൽ കെ. സിനോജ് (37), ന്യൂമാഹി അഴീക്കൽ മീത്തലെ എടകണ്ടേന്റവിട ഫൈസൽ (43), ചൊക്ലി ഒളവിലം തണൽ ഹൗസിൽ കാട്ടിൽ പുതിയവീട്ടിൽ സരീഷ് (41), ചൊക്ലി കണ്ണോത്ത് പള്ളിക്കു സമീപം തവക്കൽ മൻസിൽ ടി.പി. സജീർ (39) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. കേസിലെ മറ്റ് രണ്ട് പ്രതികളായ രജികാന്ത്, മുഹമ്മദ് റജീസ് എന്നിവർ നേരത്തെ മരിച്ചു. ഇന്നലെ രാവിലെ മുതൽ തലശേരി കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്.
ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് 14 ദിവസമാണ് കോടതിയിൽ വിസ്താരം നടന്നത്. പ്രതികളെ കോടതി ചോദ്യം ചെയ്യുകയും 44 സാക്ഷികളെ വിസ്തരിക്കുകയും 140 രേഖകൾ മാർക്കു ചെയ്യുകയും ചെയ്തിരുന്നു. 2010 മേയ് 28ന് രാവിലെ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം.
അപ്പീൽ നൽകും: പ്രോസിക്യൂഷൻ
തലശേരി: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ആലോചിച്ച് വിധിക്കെതിരേ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ പി. പ്രേമരാജൻ പറഞ്ഞു. വിധിപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം നടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തരമന്ത്രി. കേസ് ഭൂരിഭാഗവും അന്വേഷിച്ചത് ഡിവൈഎസ്പിയായിരുന്ന പ്രിൻസ് ഏബ്രഹാമായിരുന്നു. ജയിൽ ഉദ്യോഗസ്ഥരെ പോലും ഭീഷണിപ്പെടുത്തുന്ന പ്രതികൾക്കെതിരേ സാക്ഷി പറയാൻ ആളെ കിട്ടിയില്ലെന്നും പി. പ്രേമരാജൻ പറഞ്ഞു.
തെളിവുകൾ കെട്ടിച്ചമച്ചത്: പ്രതിഭാഗം അഭിഭാഷകൻ
തലശേരി: പ്രോസിക്യൂഷൻ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെന്നും പ്രതിചേർക്കപ്പെട്ടവർ കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് എല്ലാവരെയും വെറുതെ വിട്ടതെന്നും പ്രതിഭാഗം അഭിഭാഷകൻ സി.കെ. ശ്രീധരൻ പറഞ്ഞു.
ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നു കാണിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ബോംബ് സ്ഫോടനം നടന്നതിന്റെ തെളിവുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.