ഫ്യൂച്ചർ കേരള മിഷൻ: മത്സരങ്ങൾക്കു മികച്ച പ്രതികരണം
Thursday, October 9, 2025 2:20 AM IST
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റി ആവിഷ്കരിച്ച ഫ്യൂച്ചർ കേരള മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റ് 2025, സ്പീക്ക് ഫോർ ഫ്യൂച്ചർ മത്സരങ്ങൾക്കു സംസ്ഥാനത്തെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ മികച്ച പ്രതികരണം.
250ലധികം കലാലയങ്ങൾ മത്സരത്തിൽ പങ്കെടുക്കാൻ ഇതുവരെ രജിസ്റ്റർ ചെയ്തു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ എന്ന ആഗോള ഉച്ചകോടിയുടെ ഭാഗമായാണു മത്സരങ്ങൾ.
കേരളത്തിലെ കോളജുകളിലെ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും കേരളത്തിലെയും ഗൾഫ് മേഖലയിലെയും പ്ലസ് ടു വിദ്യാർഥികൾക്കും ടീമുകളായി പങ്കെടുക്കാം.
നവംബർ ആദ്യവാരം നടക്കുന്ന ഓൺലൈൻ ഡിസൈൻ തിങ്കിംഗ് ശില്പശാലയ്ക്കുശേഷം നവംബർ 21, 22 തീയതികളിൽ കാമ്പസിലാണു മത്സരം. ഈമാസം 25 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി.
‘ഭാവി എന്റെ കാഴ്ചപ്പാടിൽ’ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ചു മിനിറ്റിൽ കവിയാത്ത പ്രസംഗം വീഡിയോ രൂപത്തിൽ തയാറാക്കി സമർപ്പിക്കണം. കൂടാതെ, #SpeakForTheFuture എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. 2026 ജനുവരി പത്താണ് അവസാന തീയതി.
കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നതാണു തങ്ങളുടെ ലക്ഷ്യമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടറും പരിപാടിയുടെ ചീഫ് ഫെസിലിറ്റേറ്ററുമായ ഡോ. ടോം ജോസഫ് എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.futurekerala.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഫോൺ: 7034044242.