ഇന്നലെയും പ്രതിപക്ഷ പ്രതിഷേധം; സ്പീക്കറുടെ ഡയസിലേക്കു കയറാൻ നീക്കം
Thursday, October 9, 2025 2:20 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ഇന്നലെയും നിയമസഭയിൽ ബഹളമുണ്ടാക്കി. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നലെ ചോദ്യോത്തരവേള തുടങ്ങിയപ്പോൾത്തന്നെ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്രതിഷേധിച്ചു.
മന്ത്രി വി.ശിവൻകുട്ടിയെ ചോദ്യങ്ങൾക്കു മറുപടി പറയാൻ സ്പീക്കർ ക്ഷണിച്ചു. പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും സഭാനടപടികളിൽ നിസഹകരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു താഴെ വന്നു പ്രതിഷേധം ആരംഭിച്ചു. എന്നാൽ ഡയസിലേക്കു കയറാതെയിരിക്കാൻ ഇരുവശത്തും തുടക്കത്തിലെതന്നെ വാച്ച് ആൻഡ് വാർഡിനെ നിയോഗിച്ചു.
ബഹളത്തിനിടെയും ചോദ്യോത്തരവേള തുടർന്നു. ബഹളം ശക്തമാകുകയും പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്കു വാച്ച് ആൻഡ് വാർഡിനെ തള്ളിമാറ്റി കയറാൻ ശ്രമിക്കുന്നതിനിടെ ഭരണപക്ഷവും രംഗത്തെത്തി. ഇതോടെ 9.50-നു ചോദ്യോത്തരവേള റദ്ദാക്കി സ്പീക്കർ സഭാനടപടികൾ നിർത്തിവച്ചു.
പ്രതിപക്ഷാംഗം എ.പി. അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ വന്ന് പ്രതിഷേധിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെയാണു ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം ശക്തമായത്. മന്ത്രിമാരായ സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, കെ. രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിയുടെ കസേരയ്ക്കു സമീപം നിലയുറച്ചു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭയിലെത്തിയ വിദ്യാർഥികളിതു കാണുമെന്നും പിന്മാറണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ഇതിനിടെ സ്പീക്കർക്കു നോട്ടീസ് നൽകാതെയുള്ള പ്രതിഷേധമാണെന്ന കെ.കെ. ശൈലജയുടെ പരാമർശത്തെ പ്രതിപക്ഷം കൂകിവിളിച്ചു.
വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ച റോജി എം. ജോണിനെ സഭയിൽ നിന്നുപുറത്താക്കണമെന്നു ഭരണപക്ഷം ആവശ്യപ്പെട്ടു.