പാട്യത്ത് റോഡിൽ ബോംബ് സ്ഫോടനം; രണ്ടു വീടുകൾക്ക് കേടുപാട്
Friday, October 10, 2025 2:45 AM IST
കൂത്തുപറമ്പ്: പാട്യം പത്തായക്കുന്നിൽ ബോംബ് സ്ഫോടനം. മൗവ്വഞ്ചേരി പീടികയ്ക്കു സമീപമാണ് സംഭവം. സ്ഫോടനത്തിൽ റോഡിലെ ടാറിംഗ് ഇളകിത്തെറിച്ചു. സമീപത്തെ രണ്ട് വീടുകളുടെ ജനൽച്ചല്ലുകളും തകർന്നു. ബുധനാഴ്ച രാത്രി 11.50 ഓടെയായിരുന്നു പ്രദേശത്ത് ഭീതി പരത്തി വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്.
സമീപത്തെ ആർ. രാധാകൃഷ്ണന്റെയും എം.കെ. പ്രഭാകരന്റെയും വീടുകളുടെ ജനൽച്ചില്ലുകളാണു തകർന്നത്. രാധാകൃഷ്ണൻ വിദേശത്ത് ജോലി ചെയ്യുകയാണ്. സംഭവ സമയം രാധാകൃഷ്ണന്റെ അമ്മ ശോഭയും മകൾ കാവ്യശ്രീയും മകൻ കൈലാസ്നാഥുമാണു വീട്ടിലുണ്ടായിരുന്നത്. എം.കെ. പ്രഭാകരന്റെ വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകളാണ് തകർന്നത്. സംഭവസമയം പ്രഭാകരനും മകളും പേരക്കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്.
കൂത്തുപറമ്പ് എസിപി കെ.വി. പ്രമോദനും സംഘവും സ്ഥലം സന്ദർശിച്ചു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കതിരൂർ പോലീസ് ഇൻസ്പെക്ടർ അരുൺ ദാസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
നാടിന്റെ സമാധാനാന്തരീക്ഷമാണ് ഈ സ്ഫോടനത്തോടെ തകർന്നതെന്നും ഇതിനു പിന്നിൽ ആർഎസ്എസ് ആണെന്നും സിപിഎം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി എം. സുകുമാരൻ ആരോപിച്ചു. പ്രതികളെ ഉടൻ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് ഷംജിത്ത് പാട്യം ആവശ്യപ്പെട്ടു.