ഇ വേ ബിൽ സംവിധാനം പരാജയപ്പെട്ടുവെന്ന് സിഎജി
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുടെ ഭാഗമായി നടപ്പാക്കിയ ഇ വേ ബിൽ സംവിധാനം പരാജയപ്പെട്ടുവെന്നു സിഎജി.
ജിഎസ്ടി നടപ്പാക്കിയപ്പോൾ ചെക്കു പോസ്റ്റുകൾ മാറ്റി ഇ വേ ബിൽ ഏർപ്പെടുത്തിയതു കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ നികുതിവകുപ്പിനായില്ല. ഇതുമൂലം ഖജനാവിലേക്കു കിട്ടേണ്ട വരുമാനം നികുതി ചോർച്ചയിലൂടെ നഷ്ടമായി. ഇവേബിൽ പോരായ്മകൾ പരിഹരിക്കാൻ വീഴ്ചകൾ കണ്ടെത്തി പരിഹരിക്കാൻ സംസ്ഥാനം വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നും ഇന്നലെ നിയമസഭയിൽ സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് സിഎജി കുറ്റപ്പെടുത്തി.
വേഗത്തിലും എളുപ്പത്തിലുമുള്ള ചരക്കു ഗതാഗതത്തിനു വേണ്ടിയാണ് ഇ വേ ബിൽ നടപ്പിലാക്കിയത്. എന്നാൽ ചരക്ക് വാങ്ങിയ സ്ഥലത്തുനൽകിയ നികുതി ചരക്ക് എത്തിക്കുന്ന സ്ഥലത്തെ സർക്കാരിന് ഓട്ടേമേറ്റഡ് ആയി കിട്ടിയില്ല.
റിട്ടേണ് ഫയൽ ചെയ്യാത്തവർക്കും രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട നികുതിദായകർക്കും ഇവേ ബില്ലുകൾ ജനറേറ്റു ചെയ്യാൻ സിസ്റ്റം അനുവദിച്ചതും ഒരേ ഇൻവോയ്സ് നന്പറിനായി ഒന്നിലധികം ഇവേ ബില്ലുകൾ നൽകിയതും സംസ്ഥാനത്ത് വരുമാനം നഷ്ടപ്പെടാൻ ഇടവരുത്തിയെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സിഎജി നിരീക്ഷണം തള്ളി ധനമന്ത്രി
സിഎജി റിപ്പോർട്ടിലെ കടമെടുപ്പുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ തള്ള ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കിഫ്ബിയുടെയും കേരള സാമൂഹ്യസുരക്ഷ പെൻഷൻ ലിമിറ്റഡിന്റെയും കടമെടുക്കലുകൾ ബജറ്റിനു പുറത്തുള്ള കടമെടുക്കലായി കാട്ടി പൊതുകടത്തിൽ ഉൾപ്പെടുത്തുകയാണ്. സിഎജിയുടെ ഈ നിലപാട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും സംസ്ഥാന നിയമസഭയും നിരാകരിച്ചതാണ്.
കിഫ്ബിയുടെ കടമെടുക്കലുകൾ സർക്കാർ ഗാരന്റിയുടെ അടിസ്ഥാനത്തിലാണ് എന്നതിനാൽ സംസ്ഥാനത്തിന്റെ നേരിട്ടുള്ള ബാധ്യതയാകുന്നില്ല. പ്രത്യേകിച്ച് കിഫ്ബി ലാഭകരമായ പദ്ധതികൾക്കു പണം മുടക്കുകയും തനതു വരുമാനം സ്വരൂപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അത് ആകസ്മികമായ ബാധ്യത മാത്രമാണ്.
സാമൂഹ്യ സുരക്ഷ പെൻഷൻ ലിമിറ്റഡിന്റെ കടത്തിൽ ഭൂരിഭാഗവും അതതു വർഷം തന്നെ തിരിച്ചടയ്ക്കുന്നുണ്ട്. 60 ലക്ഷത്തിലധികം സാമൂഹ്യ സുരക്ഷ പെൻഷൻകാർക്ക് ക്ഷേമപെൻഷൻ വൈകുന്നില്ല എന്ന് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം.
സംസ്ഥാനത്തെ ദാരിദ്യ്രം രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കായ ഒരു ശതമാനത്തിൽ താഴെ നിർത്താൻ സാധിച്ചത് സാമൂഹ്യ സുരക്ഷ പെൻഷൻ ലിമിറ്റഡ് മുഖേനയുള്ള വ്യാപകമായ സാമൂഹ്യ സുരക്ഷ ശൃംഖല മൂലമാണെന്ന വസ്തുതയും സിഎജി റിപ്പോർട്ട് കാണാതെ പോകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.