പച്ചക്കള്ളം; ഗണേഷ് കുമാര്‍ മാപ്പ് പറയണമെന്ന് എം. വിന്‍സെന്റ്
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര് ചോദ്യങ്ങള്‍ക്കു നല്കിയ മറുപടിയില്‍ തന്നെക്കുറിച്ച് പച്ചക്കള്ളമാണ് പറഞ്ഞതെന്ന് എം.വിന്‍സെന്റ് എംഎല്‍എ.
സ്വന്തം നിയോജകമണ്ഡലത്തിലെ കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളുടെ നവീകരണത്തിന് ഒരു രൂപ പോലും നല്‍കാത്ത ഒരേയൊരു എംഎല്‍എ കോവളം എംഎല്‍എ ആണെന്നും ബജറ്റില്‍ അനുവദിച്ച ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണത്തിന് യാതൊരു മുന്‍കൈയും എടുത്തിട്ടില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ കോവളം നിയോജകമണ്ഡലത്തിലുള്ള രണ്ട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഒന്നായിട്ടുള്ള പൂവ്വാര്‍ ഡിപ്പോയില്‍ പുതിയ കെട്ടിട നിര്‍മാണത്തിന് 70 ലക്ഷം രൂപയും വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഉള്ളില്‍ റോഡ് കോണ്‍ക്രീറ്റിനും വര്‍ക്ക്ഷോപ്പ് നവീകരണത്തിനുമായി 14.05 ലക്ഷം രൂപയും അനുവദിച്ച് അതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ധനമന്ത്രി അവതരിപ്പിച്ച 2023-24ലെ സംസ്ഥാന ബജറ്റില്‍ അഞ്ച് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നവീകരണത്തിന് തുക അനുവദിച്ചതില്‍ ഒരെണ്ണം വിഴിഞ്ഞം ഡിപ്പോ ആയിരുന്നു.
കള്ളം പറയാന്‍ നിയമസഭ വേദി ഉപയോഗിച്ച ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാര് തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എം.വിന്‍സെന്റ് ആവശ്യപ്പെട്ടു.