പ്രതിഷേധിച്ചു പിരിഞ്ഞു
Friday, October 10, 2025 12:40 AM IST
സാബു ജോണ്
തിരുവനന്തപുരം: സംഘർഷത്തിന്റെ പേരിൽ മൂന്നു പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം മന്ത്രി എം.ബി. രാജേഷ് സഭയിൽ അവതരിപ്പിക്കുന്പോൾ പ്രതിപക്ഷം സഭ വിട്ടിറങ്ങിക്കഴിഞ്ഞിരുന്നു. സഭ ഇന്നലെ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാൽ ഫലത്തിൽ സസ്പെൻഷൻ കടലാസിൽ ഒതുങ്ങി.
എന്നാൽ സസ്പെൻഷനു കാരണമായ സംഘർഷം വിവാദത്തിലായി. ചീഫ് മാർഷലിനെ പ്രതിപക്ഷം മർദിച്ചെന്നും കൈയ്ക്കു പരിക്കേറ്റിട്ടുണ്ടെന്നും സ്പീക്കർ എ.എൻ. ഷംസീർ സഭയെ അറിയിച്ചു. എന്നാൽ മുന്പ് ചീഫ് മാർഷൽ പരിക്കെന്നു പറഞ്ഞത് തെറ്റെന്നു തെളിഞ്ഞ കഥ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആ ചീഫ് മാർഷൽ മാറിയെന്നും ഇതു വേറെ ചീഫ് മാർഷൽ ആണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതു കള്ളം പറയാത്ത ചീഫ് മാർഷൽ എന്നാണോ ഉദ്ദേശിച്ചതെന്ന് അറിയില്ല.
ഇന്നു നടക്കാനിരുന്ന സമ്മേളനം വേണ്ടെന്നു വച്ച് ഇന്നലെ തന്നെ സഭ പിരിയാൻ തീരുമാനിക്കുകയായിരുന്നു. അതോടെ ഇന്നു നിശ്ചയിച്ചിരുന്ന ബില്ലുകൾ കൂടി ഇന്നലെ തന്നെ സഭയിൽ എത്തി. ആകെ 11 ബില്ലുകൾ ഒറ്റ ദിവസം നിയമമായി. കേരള നിയമസഭയിൽ ഇതുമൊരു റിക്കാർഡ്.
പ്രതിപക്ഷത്തിന്റെ അഭാവത്തിൽ പ്രസംഗിച്ചവർ ശബരിമല മുതൽ പല വിഷയങ്ങളും എതിർശബ്ദങ്ങളോ പ്രതിഷേധ ശബ്ദങ്ങളോ ഇല്ലാതെ സഭയിൽ അവതരിപ്പിച്ചു.
ദേവസ്വം മന്ത്രി വി.എൻ. വാസവൻ ശബരിമലയേക്കുറിച്ച് നിലപാട് വിശദമാക്കി. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുക്കുമെന്നും വാസവൻ ഉറപ്പിച്ചു പറഞ്ഞു. പ്രശ്നങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവിനെ അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു വാസവന്റെ പ്രസംഗം.
ഭരണപക്ഷം ഉന്നം വയ്ക്കുന്നത് പ്രതിപക്ഷ നേതാവിനെ തന്നെയെന്നു തെളിയിക്കുന്നതായിരുന്നു സതീശനു നേരെ മന്ത്രിമാരും ഭരണപക്ഷ എംഎൽഎമാരും നടത്തിയ കടന്നാക്രമണം. ലോകകേരള സഭയും നവകേരള സദസും വിഴിഞ്ഞം ഉദ്ഘാടനവും ആഗോള അയ്യപ്പസംഗമവുമെല്ലാം ബഹിഷ്കരിച്ചയാളാണു സതീശൻ എന്ന് വാസവൻ ആരോപിച്ചു.
ചീഫ് മാർഷലിന്റെ കൈയ്ക്കു പൊട്ടലുണ്ടായെന്നു പറഞ്ഞപ്പോഴും പശ്ചാത്താപത്തിന്റെ കണിക പോലുമില്ലാത്ത പ്രതികരണമാണു പ്രതിപക്ഷ നേതാവ് നടത്തിയതെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ ആക്ഷേപം.
കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധം അതിരുകടക്കുന്നു എന്നു വന്നപ്പോൾ സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ ഇരിക്കുന്നുണ്ടെന്നും അവർക്കു ജനാധിപത്യത്തേക്കുറിച്ചു മോശം ധാരണ ഉണ്ടാകുമെന്നും സ്പീക്കർ പറയുന്നുണ്ടായിരുന്നു. അതേ സ്പീക്കർ ഇന്നലെ മന്ത്രിമാരും ചില അംഗങ്ങളും കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ പറയുന്പോൾ അതു കേട്ടിരിക്കുകയായിരുന്നു എന്നു വി.ഡി. സതീശൻ പറഞ്ഞു.
സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ നിർവീര്യമാക്കാൻ പുതിയൊരു തന്ത്രമാണ് ഇത്തവണ പയറ്റിയത്. സ്പീക്കറുടെ ഡയസിലേക്കു കയറാനുള്ള പടിക്കെട്ടിൽ വനിത വാച്ച് ആൻഡ് വാർഡിനെ നിരത്തി നിർത്തി. അവരെ മറികടന്നു പോകാൻ എംഎൽഎമാർക്കു കഴിയില്ലല്ലോ.
ഏതായാലും സ്പീക്കറുടെ ഡയസിനു കാവൽ നിൽക്കാൻ ഇന്നലെ പ്രതിപക്ഷാംഗങ്ങളേക്കാൾ കൂടുതൽ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടതോടെ പ്രതിഷേധം പ്രകടിപ്പിക്കാൻ ബഹിഷ്കരണമാണു ഭേദമെന്നു പ്രതിപക്ഷത്തിനു തോന്നിക്കാണും.