സ്വര്‍ണപ്പാളിയിൽ സിബിഐ അന്വേഷണം; ഹര്‍ജി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കും
Friday, October 10, 2025 12:40 AM IST
കൊച്ചി: ശബരിമല ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി മൂന്നാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.
കൊല്ലം സ്വദേശി ആര്. രാജേന്ദ്രന് നല്കിയ ഹര്‍ജിയാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ചെമ്പാണെന്ന പേരില്‍ ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ കടത്തിയതില്‍ വലിയ തിരിമറി നടന്നിട്ടുണ്ടെന്നും സത്യം പുറത്തുകൊണ്ടുവരാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദ്വാരപാലക സ്വര്‍ണപ്പാളികള്‍ 2019ല്‍ സ്വര്‍ണം പൂശാനായി ചെന്നൈക്കു കൊണ്ടുപോയി തിരികെയെത്തിച്ചപ്പോള്‍ 4.541 കിലോയുടെ കുറവുണ്ടായത് ഗുരുതരമായ വിശ്വാസ വഞ്ചനയാണെന്നടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ഹര്ജിക്കാരന് ആവശ്യപ്പെടുന്നപ്രകാരം സമഗ്രമായ അന്വേഷണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ കോടതി മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ സിബിഐക്കു നിര്‍ദേശവും നല്കി.