അധിക ഭൂമി നിശ്ചയിക്കലും ക്രമവത്കരണവും ബിൽ പാസാക്കി
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: ഡിജിറ്റൽ സർവേയിലൂടെ ഭൂരേഖകൾ അന്തിമമാക്കുന്പോൾ അധികമായി വരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നതിനുള്ള 2025ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (നിശ്ചയിക്കലും ക്രമവത്കരണവും) ബിൽ നിയമസഭ പാസാക്കി.
2023 ലാണ് സംസ്ഥാനത്ത് ഡിജിറ്റൽ സർവേ നടപടികൾ ആരംഭിച്ചത്. ഇതു വരെ സർവെ ചെയ്ത 60 ലക്ഷം കൈവശഭൂമികളിൽ 25 ലക്ഷത്തിലധികം കൈവശങ്ങളിലും അധിക ഭൂമി കണ്ടെത്തിയതാണ് കണക്കുകകൾ കാണിക്കുന്നതെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി.
കേരളത്തിൽ മൂന്ന് കോടിയിലധികം കൈവശഭൂമികളിൽ പകുതിയോളം കൈവശങ്ങളിലും അധികഭൂമി ഉണ്ട്. പരന്പരാഗത സർവേ ഉപകരണങ്ങളിൽ നിന്നു മാറി ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് സർവേ നടത്തുന്പോൾ ഉണ്ടാകുന്ന കൃത്യത മൂലമാണ് ഇത്തരത്തിലുള്ള വിസ്തീർണ വർധന കൂടുതലും കണ്ട് വരുന്നത്.
ഇത്തരത്തിൽ അധികമായി വരുന്ന കൈവശഭൂമിക്ക് ഉടമസ്ഥത ഉറപ്പുവരുത്തുന്നതാണ് സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി (നിശ്ചയിക്കലും ക്രമവത്കരണവും) ബിൽ അധികഭൂമി കൈവശത്തിന് ഉടമസ്ഥതാ രേഖ നൽകുന്നതിനുള്ള നടപടികൾ ചട്ടം വഴി നിശ്ചയിക്കാൻ സർക്കാരിനു നിയമം അധികാരം നൽകുന്നുണ്ട്. ഏറ്റവും ലളിതമായ നടപടി ക്രമങ്ങളിലൂടെയായിരിക്കും ഉടമസ്ഥതാ രേഖ നൽകുന്നതെന്ന് റവന്യൂ മന്ത്രി നിയമസഭയിൽ പറഞ്ഞു.