“ഇതുകൊണ്ട് സമൂഹത്തിന് എന്തു ഗുണം”; കമന്റിട്ട ഡിവൈഎഫ്ഐ പ്രവർത്തകനു നേതാക്കളുടെ ക്രൂരമർദനം
Friday, October 10, 2025 12:40 AM IST
ഒറ്റപ്പാലം: ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റിട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ മുൻനേതാവിനെ ക്രൂരമായി മർദിച്ച് നേതാക്കൾ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൊച്ചൂട്ടന്റെ മകൻ വാണിയംകുളം പനയൂർ തോട്ടപ്പള്ളിയാലിൽ വിനേഷിനാണ് (38) ഗുരുതരമായി പരിക്കേറ്റത്.
തലയ്ക്കു ഗുരുതരപരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വിനേഷ് വെന്റിലേറ്ററിലാണ്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി വിനേഷിന്റെ മൊഴി രേഖപ്പെടുത്തി.
ഡിവൈഎഫ്ഐ മേഖലാ മുൻ സെക്രട്ടേറിയറ്റ് അംഗംകൂടിയായ വിനേഷിനെ ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് ഭാരവാഹികളായ ആറു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
സംഭവത്തിൽ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സുർജിത്ത്, ബ്രാഞ്ച് സെക്രട്ടറി ഹാരിസ്, കിരണ്‍ എന്നിവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽവച്ച് പോലീസ് പിടികൂടി.
ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി സി. രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിനേഷിനെ ആക്രമിച്ചത്. രാഗേഷ് ഒളിവിലാണ്.
ഒരു പഞ്ചഗുസ്തിമത്സരം ഉദ്ഘാടനംചെയ്തതുമായി ബന്ധപ്പെട്ട് സി. രാഗേഷ് ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റിനുതാഴെ “ഇതുകൊണ്ട് സമൂഹത്തിന് എന്തു ഗുണം” എന്നു വിനേഷിട്ട കമന്റാണ് പ്രതികളെ പ്രകോപിപ്പിച്ചത്.
പോസ്റ്റിനടിയിൽ ഇരുവരും വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം ബുധനാഴ്ച രാത്രി പത്തരയോടെയാണ് രാഗേഷിന്റെ നേതൃത്വത്തിലുള്ള സംഘം വിനേഷിനെ ആക്രമിച്ചത്.