ഒരുതരി പൊന്ന് അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചുവയ്പിക്കും: മന്ത്രി വാസവൻ
Friday, October 10, 2025 12:40 AM IST
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ നിന്ന് ഒരു തരി പൊന്ന് ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ചു വയ്പ്പിക്കുമെന്നും അവരെ കൈയാമം വച്ച് കൽതുറങ്കലിൽ അടയ്ക്കുമെന്നും ദേവസ്വം മന്ത്രി വി.എൻ വാസവൻ. അതിനു ശേഷിയുള്ള സർക്കാരാണ് ഇന്ന് സംസ്ഥാനത്തുള്ളതെന്നും നിയമസഭയിൽ ബില്ലിന്മേലുള്ള മറുപടി പ്രസംഗത്തിനിടെ മന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രതിപക്ഷം സഹകരിക്കുകയല്ലേ വേണ്ടത്. സമഗ്രമായ അന്വേഷണമാണ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്നത്. ശബരിമലയോടും വിശ്വാസികളോടും എന്തെങ്കിലും താത്പര്യം ഉണ്ടെങ്കിൽ അന്വേഷണത്തോട് സഹകരിച്ച്, തെളിവ് ഉണ്ടെങ്കിൽ അത് കൊടുക്കുകയല്ലേ വേണ്ടത്.
ഏത് ഉന്നതൻ ആണെങ്കിലും കുറ്റവാളിയെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നാണ് സർക്കാരിന്റെ നിലപാട്. അത് ചെയ്യുന്നതിന് പ്രതിപക്ഷം എന്തിനാണ് തടസം നിൽക്കുന്നതെന്നും ഹൈക്കോടതിയെ പോലും വെല്ലുവിളിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി പറഞ്ഞു.