മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ
Friday, October 10, 2025 3:26 AM IST
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച വിവാദത്തിൽ ബഹളത്തിൽ കലാശിച്ച നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച് പുറത്തുപോയ മൂന്നു പ്രതിപക്ഷ എംഎൽഎമാർക്ക് ഇന്നലെ സസ്പെൻഷൻ.
സഭാ സമ്മേളനം അവസാനിക്കുന്ന ഇന്നലെ ഒരു ദിവസത്തേക്കാണ് പ്രതിപക്ഷ അംഗങ്ങളായ റോജി. എം. ജോണ്, സനീഷ്കുമാർ ജോസഫ്, എം. വിൻസെന്റ് എന്നീ എംഎൽഎമാരെ സസ്പെൻഡ് ചെയ്തത്. സഭാ സമ്മേളനം അവസാനിച്ചതോടെ പേരിനു മാത്രമായി സസ്പെൻഷൻ.
പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചു പുറത്തു പോയതിനുശേഷം ഭരണ പക്ഷം മാത്രം സഭയിൽ ഉള്ളപ്പോഴാണ് പാർലമെന്ററികാര്യമന്ത്രി എം.ബി. രാജേഷ് മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചത്.
ഇന്നലെ വൈകുന്നേരം സഭാ സമ്മേളനം അവസാനിക്കുന്ന സമയത്തെ സഭാനടപടികളുടെ സംക്ഷിപ്ത വിവരണം നടത്തിയപ്പോൾ സ് പീക്കർ എ.എൻ. ഷംസീർ സസ്പെൻഷൻ കാര്യം പരാമർശിച്ചു.
സഭാ സമ്മേളനം പുനരാരംഭിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തര വേളയിൽത്തന്നെ സഭാ നടപടികൾ തുടർച്ചയായി തടസപ്പെടുത്തിയെന്നു സ്പീക്കർ വിമർശിച്ചു.