ശബരിമല: പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു
Friday, October 10, 2025 3:26 AM IST
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി കളവുപോയ സംഭവത്തിൽ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കി.
തൃശൂർ കേപ്പ അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ എസ്. ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള അന്വേഷണമായതിനാൽ ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനെ അന്വേഷണ മേൽനോട്ടത്തിനായി കോടതി നിർദേശിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
കോട്ടയം വാകത്താനം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനീഷ്, തൃശൂർ റൂറൽ കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ ബിജു രാധാകൃഷ്ണൻ, തിരുവനന്തപുരം തൈക്കാട് സൈബർ പോലീസ് സ്റ്റേഷൻ എഎസ്ഐ സുനിൽ കുമാർ എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ.
ശബരിമല സ്വർണപ്പാളി മോഷണം നിലവിൽ അന്വേഷിക്കുന്ന ദേവസ്വം വിജിലൻസ് ഇന്നു കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നിന്ന് റിപ്പോർട്ട് ഏറ്റുവാങ്ങും. റിപ്പോർട്ട് പഠിച്ച ശേഷമാകും പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടങ്ങുന്നത്. എഫ്ഐആർ ഇട്ടുള്ള അന്വേഷണമാണ് പരിഗണിക്കുന്നത്.