തോക്ക് ചൂണ്ടി കവർച്ച: നാലുപേർ പിടിയിൽ
Friday, October 10, 2025 12:40 AM IST
മരട്(കൊച്ചി): കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാലു പേർ പിടിയിലായി. സംഭവത്തിൽ ഉൾപ്പെട്ട ഒരാളും ഇവരെ സഹായിച്ചെന്നു കരുതുന്ന മൂന്ന് പേരുമാണ് പിടിയിലായത്. ഇവരിൽ സംഭവ സമയം പിടിയിലായ വടുതല സ്വദേശി സജിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചി എസ്.ആർ.എം റോഡ് കണ്ണിടത്ത് വീട്ടിൽ നിഖിൽ (43), ചേരാനല്ലൂർ താമരശേരി വീട്ടിൽ ആസിഫ് ഇക്ബാൽ (43), പള്ളുരുത്തി കണ്ണോത്ത് പീടികയിൽ ബുഷാവ (47) എന്നിവരാണ് പിടിയിലായത്. ഇടപാടിന് എത്തിയതായി കരുതുന്ന വിഷ്ണു പോലീസ് കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്.
കവർച്ചാസംഘം സഞ്ചരിച്ച രണ്ടു കാറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം തൃശൂരിൽ നിന്നാണ് പിടി കൂടിയത്. മുഖം മൂടി ധരിച്ച് കവർച്ച നടത്തിയെന്ന് പറയപ്പെടുന്ന നാലുപേരെ പിടികൂടാനായിട്ടില്ല. ഇവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കമ്പനിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു നാലംഗ സംഘം തോക്കു ചൂണ്ടി 81 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. സംഭവത്തിൽ സ്ഥാപനമുടമ തോപ്പുംപടി പുളിയനത്ത് വീട്ടിൽ സുബിൻ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു.
ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണ് സംഭവത്തിന് തുടക്കമെന്നാണ് പോലീസ് പറയുന്നത്. 81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി തിരിച്ചു കിട്ടുമെന്നായിരുന്നു ഇടപാടിലുണ്ടായിരുന്നത്. രണ്ടാഴ്ച മുൻപ് വടുതല സ്വദേശി സജി ഇക്കാര്യവുമായി കടയുടമ സുബിനെ സമീപിച്ചിരുന്നുവെന്നും തുടർന്ന് നോട്ടിരട്ടിപ്പ് സംഘത്തിലുൾപ്പെട്ട വിഷ്ണു, ജോജി എന്നിവരെ പരിചയപ്പെടുത്തിയെന്നുമാണ് പറയുന്നത്.
നാലംഗ കവർച്ചാ സംഘം മുഖംമൂടി ധരിച്ച് സ്ഥാപനത്തിലെത്തുമ്പോൾ സജിയും വിഷ്ണുവും ജോജിയും സ്ഥലത്തുണ്ടായിരുന്നതായും ഇവർ പണം എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
സംഘത്തെ കണ്ടതോടെ വിഷ്ണുവും ജോജിയും കടയിൽ നിന്നും മാറി. പണവുമായി കവർച്ചാ സംഘം കടന്നതിനു പിന്നാലെ കടയിൽപ്പെട്ടു പോയ സജിയെ, സുബിനും കടയിലെ ജീവനക്കാരും കൂടി പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
അതേ സമയം നോട്ടിരട്ടിപ്പ് സംഭവമാണെന്ന് പറയപ്പെടുമ്പോഴും പണം ഇരട്ടിപ്പിക്കൽ ഇടപാട് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് സ്ഥാപനമുടമ സുബിൻ ജോസഫ്. സ്ഥാപനത്തിലുണ്ടായിരുന്ന 81 ലക്ഷം രൂപ റോ മെറ്റീരിയൽസ് വാങ്ങാനുള്ള പണമായിരുന്നുവെന്നും ബാങ്കിൽ നിന്നെടുത്ത ഈ തുകയ്ക്ക് രേഖകളുണ്ടെന്നുമാണ് സുബിൻ പറയുന്നത്. ഇടനിലക്കാരനായ സജിയുമായി 15 ദിവസത്തെ ബന്ധമാണുണ്ടായിരുന്നതെന്നും സജിയെത്തി അര മണിക്കൂറിനു ശേഷമാണ് കവർച്ചാസംഘമെത്തിയതെന്നും പറഞ്ഞു.
സ്ഥാപനത്തിലെ സിസിടിവി കാമറകൾ പ്രവർത്തന രഹിതമായതിനാൽ കടയിൽ നടന്ന സംഭവങ്ങളിൽ പോലീസിന് കൃത്യമായ നിഗമനങ്ങളിലെത്താനായിട്ടില്ല. മുഖംമൂടി ധരിച്ച അഞ്ചു പേർ കാറിലെത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന വിവരം.
പിന്നീടാണ് പണം എണ്ണുമ്പോഴാണ് നാലംഗ സംഘമെത്തി പണം കവർച്ച ചെയ്തതായി പറഞ്ഞത്.