ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി: ക്രിസ്ത്യൻ തത്വചിന്തകരുടെ വാർഷിക സമ്മേളനം നടത്തി
Saturday, October 11, 2025 6:47 AM IST
ഇരിട്ടി: കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരിയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ക്രിസ്ത്യൻ തത്വചിന്തകരുടെ ദേശീയ സംഘടനയായ അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ഫിലോസഫേഴ്സ് ഓഫ് ഇന്ത്യ (എസിപിഐ) യുടെ 48-ാമത് വാർഷിക സമ്മേളനം നടത്തി. മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു.
സമ്പത്തും ഊർജവും ഉത്സാഹവും ഒത്തുചേരുമ്പോൾ അത് സവിശേഷമായ സന്തോഷത്തിനും പ്രതിരോധശേഷിക്കും സാമൂഹിക ബന്ധങ്ങൾക്കും കരുത്ത് പകരുമെങ്കിലും ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ ദോഷം ചെയ്യുമെന്ന് മാർ അലക്സ് താരാമംഗലം പറഞ്ഞു. ഇവയുടെ ശ്രദ്ധാപൂർവമല്ലാത്ത കൈകാര്യം വൈകാരിക ശോഷണത്തിലേക്കും ശാരീരിക ക്ഷീണത്തിലേക്കും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘മനുഷ്യാസ്തിത്വത്തിന്റെ സമ്പന്നതയും ശോഷണവും അതിജീവിക്കാനുള്ള ദാർശനിക മാർഗങ്ങൾ’ എന്ന വിഷയം മാർ അലക്സ് താരാമംഗലം അവതരിപ്പിച്ചു.
എസിപിഐ പ്രസിഡന്റ് റവ. ഡോ. ജോൺ പീറ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. ഡോ. ജോയ് ആലുങ്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. റവ. ഡോ. ഐവാൻ ഡിസൂസ, റവ. ഡോ. ജോൺസൺ പുത്തൻപുരക്കൽ എന്നിവർ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനകർമം നിർവഹിച്ചു. സെമിനാരി റെക്ടർ ഫാ. മാത്യു പട്ടമന, റവ. ഡോ. ജിൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു. സമ്മേളന ദിവസങ്ങളിൽ 28 പണ്ഡിതർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. റവ. ഡോ. കേയ്ത് ഡിസൂസ, റവ. ഡോ. വർഗീസ് മണിമല, റവ. ഡോ. ജോർജ് പന്തമ്മാക്കൽ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.