സൈന്യം കണ്ടുപഠിച്ച കേരള പോലീസിന്റെ ഡ്രോണ്‍ ജാമര്‍ ഗണ്‍
Saturday, October 11, 2025 6:47 AM IST
കൊച്ചി: ഇന്ത്യന്‍ ആര്‍മി കണ്ടുപഠിച്ച ഒരു ഒന്നൊന്നര ജാമര്‍ ഗണ്‍ ഉണ്ട് ഇങ്ങു കേരളത്തില്‍.-സംസ്ഥാന പോലീസ് സേനയുടെ സ്വന്തം ഡ്രോണ്‍ ജാമര്‍ ഗണ്‍. ആകാശമാര്‍ഗമുള്ള ഡ്രോണ്‍ ആക്രമങ്ങളെ ചെറുക്കാന്‍ കേരള പോലീസിന്റെ സൈബര്‍ ലാബില്‍ വികസിപ്പിച്ചെടുത്ത ഈ ജാമര്‍ ഗണ്‍ രാജ്യത്തുതന്നെ ഒരു പോലീസ് സേനയ്ക്ക് സ്വന്തമായുള്ളത് കേരളത്തിലാണ്.
അനുമതിയില്ലാതെയും മറ്റ് ദുരുദ്ദേശ്യത്തോടെയും പറക്കുന്ന ഡ്രോണുകളെ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിന് 2022ല്‍ 80 ലക്ഷം രൂപ മുടക്കി സൈബര്‍ ഡോം മൊബൈല്‍ ആന്റി ഡ്രോണ്‍ വാഹനമായ ഈഗിൾ ഐ വികസിപ്പിച്ചിരുന്നു. ഇതിന്റെ അനുബന്ധ ഉപകരണമായാണു ജാമര്‍ ഗണ്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഒരു ജാമര്‍ ഗണ്‍ ആണ് സൈബര്‍ സംഘത്തിന്റെ പക്കലുള്ളത്. പുതിയവ സൈബര്‍ ലാബിലെ പണിപ്പുരയിലാണ്. അടിമുടി മെയ്ഡ് ഇന്‍ ഇന്ത്യ പ്രോഡക്ടാണ് ജാമര്‍ ഗണ്‍. മൂന്നുവര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ഗണ്ണിന് നാലു കിലോയാണു ഭാരം.
മൊട കണ്ടാല്‍ ഇടപെടും
നിലവില്‍ വിവിഐപി സന്ദര്‍ശനം, ആളുകള്‍ തിങ്ങിക്കൂടുന്ന തൃശൂര്‍ പൂരം, നെഹ്റുട്രോഫി വള്ളംകളി എന്നിവിടങ്ങളിലാണു സുരക്ഷയ്ക്കായി ഇവ നിയോഗിച്ചിട്ടുള്ളത്. അഞ്ചു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ഡ്രോണുകള്‍ ഈഗിൾ ഐ ഒപ്പിയെടുക്കും.
ഇവ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലേക്ക് എത്തിയാല്‍ ഡ്രോണ്‍ ഏതു സ്വഭാവത്തിലുള്ളതാണെന്ന് ഈഗിൾ ഐ തിരിച്ചറിയും. വീണ്ടും 500 മീറ്റര്‍ ചുറ്റളവിലേക്ക് അടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ പിന്നീട് ഡ്രോണ്‍ ജാമര്‍ ഗണ്‍ ഏറ്റെടുക്കും.
പിന്നെ സമയം പാഴാക്കാതെ ലക്ഷ്യം ഉറപ്പാക്കി സ്വിച്ച് (കാഞ്ചി) അമര്‍ത്തുന്നതോടെ ഡ്രോണിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ഇവയുടെ നിയന്ത്രണം സ്ഥലത്തെ സുരക്ഷാപോലീസിന് ലഭിക്കുകയും ചെയ്യും.
ജിപിഎസ് ബന്ധം അടക്കം വിഛേദിക്കപ്പെടുന്നതോടെ ഡ്രോണിന് ആദ്യം നിയന്ത്രിച്ചിരുന്നവരിലേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്യും. കഴിഞ്ഞ തൃശൂര്‍ പുരത്തിനിടെ അനധികൃതമായി പറന്നുയര്‍ന്ന അഞ്ചോളം ഡ്രോണുകള്‍ ജാമര്‍ ഗണ്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു.
ഡല്‍ഹിയിലേക്ക്
‘ഓപ്പറേഷന് സിന്ദൂറി’നുശേഷം കര, വ്യോമ സേനകള്‍ ഡ്രോണ്‍ ജാമര്‍ ഗണ്‍ ഡല്‍ഹിയില്‍ എത്തിച്ചു പഠിച്ചിരുന്നു. ഡ്രോണ്‍ നിര്‍മാണത്തിലും പ്രവര്‍ത്തിപ്പിക്കുന്നതിലും പങ്കാളികളായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സൈനികര്‍ക്കു കേരള പോലീസിലെ മിടുക്കനെ പരിചയപ്പെടുത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പോലീസ് സംഘവും ജാമര്‍ ഗണ്ണിനെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെത്തുന്നുണ്ട്.
പിഴ ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ
നിരോധനമേഖലയില് ഡ്രോണുകള്‍ പറത്തുന്നത് കുറ്റകരമാണ്. ഡിജിറ്റല്‍ സ്കൈ മാപ്പ് മുഖേന ഏതൊക്കെ മേഖലകളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതിയുണ്ടെന്ന് മനസിലാക്കാം. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ പിഴ ഈടാക്കാനാകുമെന്ന് സൈബര്‍ പോലീസ് പറയുന്നു.